ഇരിങ്ങൽ സർഗ്ഗാലയ വീണ്ടും സന്ദർശകരെ വരവേൽക്കുന്നു

കോവിഡ് നിബന്ധനകളോടെ ചൊവ്വാഴ്ച തുറക്കും

 

കോഴിക്കോട് : കോവിഡ് അടച്ചുപൂട്ടലിന്റെ ഭാഗമായി പ്രവർത്തനം നിർത്തിവച്ചിരുന്ന കോഴിക്കോട് ഇരിങ്ങലിലെ സർഗ്ഗാലയ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് (sargaalaya.in) വീണ്ടും സന്ദർശകർക്കായി ഒരുങ്ങി. നവംബർ 10 മുതൽ കോവിഡ് 19 സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചു സർഗ്ഗാലയ തുറന്നു പ്രവർത്തിക്കും. ഈ കാലയളവിൽ രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ ആയിരിക്കും സന്ദർശനസമയമെന്ന് വില്ലേജിന്റെ സി.ഇ.ഒ.: പി.പി. ഭാസ്‌കരൻ അറിയിച്ചു. മനോഹരമായ കോട്ടേജുകളിൽ ഒരുക്കിയ കാഴ്ചപ്പൊലിമയാർന്ന കരകൗശലവസ്തുക്കളിൽ ടെറാക്കോട്ട മ്യൂറൽ, ടെറാക്കോട്ട ആഭരണങ്ങൾ, ഡ്രൈ ഫ്‌ലവർ, ദാരുശില്പങ്ങളും മരയുത്പന്നങ്ങളും, പൾപ് ശില്പങ്ങൾ, ചിപ്പിയും മുത്തും കൊണ്ടുള്ള ആഭരണങ്ങളും കൗതുകവസ്തുക്കളും, ലോഹ-കോൺക്രീറ്റ്-കളിമൺ ശില്പങ്ങൾ, കൈത്തറിയുത്പന്നങ്ങൾ, തുണിസഞ്ചികൾ, കോരപ്പുൽ പായ എന്നുതുടങ്ങി ഒട്ടെല്ലാമുണ്ട്. ചിരട്ട, ചകിരി, തഴ, പനനാര്, ഈറ്റ, മുള, പനമ്പ്, വൈക്കോൽ തുടങ്ങിയവകൊണ്ടുള്ള അലങ്കാരവസ്തുക്കളും വീട്ടുപകരണങ്ങളും ആഭരണങ്ങളും വേറെയും. കൗതുകത്തിനൊപ്പം വിവിധ ഉപയോഗങ്ങൾക്കുള്ള കളിമൺ പാത്രങ്ങൾ, ചൂരൽ ഉത്പന്നങ്ങൾ, ഗൃഹാലങ്കാരസാമഗ്രികൾ, ഗൃഹ – ഓഫീസ് ഉപകരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയുടെ ശേഖരവുമുണ്ട്. ഇവയെല്ലാം കാണുകയും വാങ്ങുകയും ചെയ്യുന്നതോടൊപ്പം ഇവയുടെ നിർമ്മാണവും കാണാം. മുതിർന്നവർക്ക് 50-ഉം കുട്ടികൾക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്കും സ്‌കൂൾ, വിനോദയാത്രാ സംഘങ്ങൾക്കുള്ള പ്രത്യേക പാക്കേജും മികച്ച ആകർഷണമാണ്.കുട്ടികളും കുടുംബവുമായി എത്തുന്നവർക്ക് ഇരിങ്ങൽ പുഴയിൽ സ്പീഡ്, പെഡൽ ബോട്ടിങ് സൗകര്യമുണ്ട്. അക്വേറിയവും എംപോറിയവും നാടൻ വിഭവങ്ങളുള്ള ഭക്ഷണശാല, അതിവിശാലമായ പാർക്കിങ് സൗകര്യം, ഏതുതരം ചടങ്ങിനും യോജിച്ച എസി ഓഡിറ്റോറിയങ്ങൾ തുടങ്ങിയവയും പ്രവർത്തനസജ്ജം ആയിട്ടുണ്ട്. എക്‌സിക്യൂട്ടീവ് താമസസൗകര്യവും എസി ഡോർമിറ്ററിയും വിശാലമായ പാർക്കിങ് സൗകര്യവും സർഗ്ഗാലയയെ സ്വയംപര്യാപ്തമാക്കുന്നു. കേരള ടൂറിസം വകുപ്പിനുവേണ്ടി സർഗ്ഗാലയ ആവിഷ്‌ക്കരിച്ചു പ്രവർത്തിപ്പിക്കുന്നത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ്. ഇന്ത്യയിലെ ഏറ്റവും നല്ല ഗ്രാമീണ വിനോദസഞ്ചാരപദ്ധതിക്കുള്ള ദേശീയപുരസ്‌കാരവും സൗത്ത് ഏഷ്യാ ട്രാവൽ അവാർഡും നേടിയ സർഗ്ഗാലയ സംസ്ഥാനത്തെ ഏറ്റവും മികച്ച ടൂറിസം പദ്ധതിക്കുള്ള പുരസ്‌ക്കാരവും ടൂറിസം രംഗത്ത് സമഗ്രസംഭാവന നല്കി ആഗോളമാതൃക സൃഷ്ടിച്ചതിന് കേരള ടൂറിസം വകുപ്പിന്റെ പ്രത്യേക ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്. ഉത്തരവാദടൂറിസം നയത്തിൽ ഊന്നി പ്രവർത്തിക്കുന്ന ക്രാഫ്റ്റ് വില്ലേജ് കേരളത്തിലെ പരമ്പരാഗതകരകൗശലവിദഗ്ദ്ധർക്കു സമ്മാനിക്കുന്നത് മികച്ച വിപണനസാദ്ധ്യതകളും അതിലൂടെ മെച്ചപ്പെട്ട ഉപജീവനവുമാണ്. ഈ പങ്കാളിത്ത ടൂറിസം പദ്ധതി അന്യംനിന്നുകൊണ്ടിരിക്കുന്ന പൈതൃകകലകളെ പുനരുജ്ജീവിപ്പിക്കാനും വളർത്താനും ലക്ഷ്യമിടുന്നു. ആണ്ടുതോറും ഡിസംബറിലും ജനുവരിയിലുമായി രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള കരകൗശലവിദഗ്ദ്ധരും കലാകാരന്മാരും പങ്കെടുത്തു നടക്കുന്ന ദേശീയകരകൗശലമേള ലക്ഷങ്ങളെ ആകർഷിച്ചുവരുന്നു.

ഇരിങ്ങൽ സർഗ്ഗാലയ
Share

Leave a Reply

Your email address will not be published. Required fields are marked *