തിരുവനന്തപുരം: അഞ്ചാമത് ലയോള ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് ഫെഡ്എക്സ് കോര്‍പ്പറേഷന്‍ പ്രസിഡന്റും സി.ഇ.ഒയുമായ രാജേഷ് സുബ്രഹ്‌മണ്യത്തിന് ഐ.ബി.എസ് സോഫ്റ്റ്വെയര്‍ സ്ഥാപകനും ചെയര്‍മാനുമായ വി.കെ മാത്യൂസ് സമ്മാനിച്ചു. 2023 മാര്‍ച്ച് 11ന് തിരുവനന്തപുരത്തെ ശ്രീമൂലം ക്ലബ്ബില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്. യങ് അച്ചീവര്‍ അവാര്‍ഡ് റിവര്‍ സഹസ്ഥാപകനും സി.ഇ.ഒയുമായ അരവിന്ദ് മണിക്ക് ലയോള സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.പി.ടി ജോസഫ് എസ്.ജെ സമ്മാനിച്ചു. ലയോള സ്‌കൂളില്‍ പഠിക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കും പകര്‍ന്നു നല്‍കുന്ന സമഗ്രതയുടെയും സത്യസന്ധതയുടെയും മൂല്യങ്ങളാണ് തന്റെ കര്‍മരംഗത്തു മുന്നേറാന്‍ വളരെയധികം സഹായിച്ചു എന്ന് അവാര്‍ഡ് സ്വീകരിച്ച ശേഷം രാജേഷ് സുബ്രമണ്യവും പറഞ്ഞു.
ഹാര്‍വാര്‍ഡുമായി താരതമ്യപ്പെടുത്തി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പ്രാധാന്യത്തെക്കുറിച്ച് വി.കെ മാത്യൂസ് സംസാരിച്ചു. ഇന്നത്തെ ലോകത്ത് സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുടെ ദശാബ്ദവും നൂറ്റാണ്ടുമാക്കാന്‍ ഇന്ത്യയ്ക്ക് പൊതുവെയും കേരളത്തിന് പ്രത്യേകിച്ചും ഉള്ള സാധ്യതകളെക്കുറിച്ചും ലഭ്യമായ അവസരം മുതലെടുക്കാന്‍ ആവശ്യമായ നടപടികളെക്കുറിച്ചും അദ്ദേഹം സദസ്സിനെ ഓര്‍മ്മിപ്പിച്ചു. തന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ സ്‌കൂള്‍ വഹിച്ച സ്വാധീനത്തെക്കുറിച്ച് അരവിന്ദ് മണി ദീര്‍ഘമായി സംസാരിച്ചു. സ്വന്തം കമ്പനി വികസിപ്പിക്കുന്നതിലെ സന്തോഷങ്ങളും കഷ്ടപ്പാടുകളും അദ്ദേഹം വിശദമായി വിവരിക്കുകയും ചെയ്തു.
തന്റെ അധ്യക്ഷ പ്രസംഗത്തില്‍, രഞ്ജിത്ത് രവീന്ദ്രന്‍, കഴിഞ്ഞ ഒരു വര്‍ഷത്തെ ലോബയുടെ നേട്ടങ്ങള്‍ വിശദീകരിച്ചു. ഇതില്‍ 80G ഇളവ് പദവി നേടിയെടുത്തത് ഒരു വലിയ നേട്ടമായിരുന്നു എന്ന് അദ്ദേഹം അറിയിച്ചു. LOBA-യുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വൈദ്യസഹായവും ആവശ്യക്കാര്‍ക്ക് വിദ്യാഭ്യാസ പിന്തുണയും നല്‍കാനുള്ള സംഘടനയുടെ മുന്നോട്ടുള്ള പദ്ധതികളെ പറ്റിയും അദ്ദേഹം വിവരിച്ചു. പരിപാടിയില്‍ 350 ലധികം ലോയോലൈറ്റുകളും അവരുടെ കുടുംബാംഗങ്ങളും ഒപ്പം ലയോള സ്‌കൂളിലെ 200 ലധികം സേവനമനുഷ്ഠിക്കുന്നവരും വിരമിച്ച ജീവനക്കാരും പങ്കെടുത്തു.