മലയാള പത്രപംക്തി എഴുത്തും, ചരിത്രവും

മലയാള മാധ്യമരംഗത്ത് വായനക്കാർക്ക് വെളിച്ചമായി ഏറെ പംക്തികൾ എക്കാലവും ഉണ്ട്. രാഷ്ട്രീയവും സാഹിത്യവും ഉൾപ്പെടെ ഏതു രംഗത്തെയും ചലനങ്ങൾ അപഗ്രഥിക്കുന്ന പംക്തികളെയും പംക്തികാരന്മാരെയും അവതരിപ്പിക്കുന്ന കൃതിയാണ് മുതിർന്ന മാധ്യമപ്രവർത്തകനും മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്ററും കേരള പ്രസ്സ് അക്കാദമി ചെയർമാനുമായിരുന്ന എൻ.പി രാജേന്ദ്രൻ രചിച്ച ‘മലയാള പത്രപഠക്തി എഴുത്തും ചരിത്രവും’. പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ വലിയ പങ്കു വഹിച്ച പംക്തികളുടെ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ പരിണാമം ഗ്രന്ഥകാരൻ വിവരിക്കുന്നു. ആഴത്തിലുള്ള ഗവേഷണം ഇതിന്റെ പിന്നിലുണ്ട്. പത്രങ്ങളിലെ സ്വാതന്ത്ര അഭിപ്രായവേദിയാണ് പംക്തി അഥവാ കോളം. മാധ്യമങ്ങൾ ജനങ്ങളുടെ മുഖമാകുമ്പോൾ പംക്തികളിലൂടെ പ്രകാശിതമാകുന്ന അഭിപ്രായങ്ങൾ വലിയ വിഭാഗം വായനക്കാരെ ചിന്തിപ്പിക്കുന്നു. കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരെയാണ് ആദ്യ പംക്തികാരനായി ചരിത്രം രേഖപ്പെടുത്തുന്നത്. പൊതുജനാഭിപ്രായം എന്നൊരു കാര്യമുണ്ട് എന്ന ബോധം വളർത്തിയതാണ് തന്റെ വലിയ സംഭാവന എന്ന് ചെങ്കളത്ത് കുഞ്ഞിരാമമേനോൻ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കണ്ടത്തിൽ വറുഗീസ് മാപ്പിള്ള, കേസരി ബാലകൃഷ്ണപ്പിള്ള, സി.കൃഷ്ണൻ, സി.വി കുഞ്ഞുരാമൻ, കുമാരനാശാൻ, സഞ്ജയൻ, ഇ.വി കൃഷ്ണപ്പിള്ള, വൈക്കം മുഹമ്മദ് ബഷീർ, ഡി.സി കിഴക്കേമുറി, എം.പി നാരായണപ്പിള്ള, ഒ.വി വിജയൻ, എം.കൃഷ്ണൻനായർ, കുറ്റിപ്പുഴ കൃഷ്ണപ്പിള്ള, എ.ടി കോവൂർ, കെ.അയ്യപ്പൻ, കെ.പി കേശവമേനോൻ, മാധവികുട്ടി, ഇ.എം.എസ്, കെ.ബാലകൃഷ്ണൻ, സുകുമാർ അഴീക്കോട്, എൻ.വി കൃഷ്ണവാരിയർ, പി.ഗോവിന്ദപ്പിള്ള, എം.എൻ വിജയൻ, ഉറൂബ്, മുണ്ടശ്ശേരി, പോത്തൻ ജോസഫ്, ടി.വി.ആർ ഷേണായി, തോമസ് ജേക്കമ്പ്്, കെ.എൽ മോഹനവർമ്മ മാടവന ബാലക്യഷ്ണപ്പിള്ള, ഡോ.സെബാസ്റ്റിയൻപോൾ, ടി.ജെ.എസ് ജോർജ് തുടങ്ങി അമ്പതിലേറെ എഴുത്തുകാരെ പരിചയപ്പെടുത്തുന്നു ഈ കൃതി. മാധ്യമസമീകൃതമായ വർത്തമാനകാലത്ത് പലപ്പോഴും ആഴത്തിലുള്ള വിലയിരുത്തലില്ലാതെയാണ് വാർത്തകൾ പ്രസിദ്ധീകരിക്കപ്പെടുന്നത്. എന്നാൽ പംക്തികൾ, എഴുതുന്ന വ്യക്തിയുടെ ധൈഷണികതയും വിഷയത്തിലെ ഉൾക്കാഴ്ച്ചയും വ്യക്തമാക്കുന്നു. മാധ്യമപ്രവർത്തനം നടത്തുന്നവർക്കും മാധ്യമപ്രവർത്തകരാവാൻ ആഗ്രഹിക്കുന്നവർക്കും വഴികാട്ടിയാണ് കേരള മീഡിയ അക്കാദമിയുടെ ഈ പ്രസിദ്ധീകരണം.

Share

Leave a Reply

Your email address will not be published. Required fields are marked *