എന്‍.ഐ.ടി കോഴിക്കോട് അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു

എന്‍.ഐ.ടി കോഴിക്കോട് അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു

കോഴിക്കോട്: എന്‍.ഐ.ടിയില്‍ അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങള്‍ 2023 മാര്‍ച്ച് രണ്ടാം വാരത്തില്‍ സെന്റര്‍ ഫോര്‍ വിമന്‍ വെല്‍ഫെയര്‍ ആന്‍ഡ് സോഷ്യല്‍ എംപവര്‍മെന്റ് (സി.ഡബ്ല്യു.എസ്.ഇ) സംഘടിപ്പിച്ചു. മാര്‍ച്ച് ഏഴിന് വൈകുന്നേരം ‘ക്യാംപസ് വാക്കത്തോണോ’ടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. ഡയറക്ടര്‍, പ്രൊഫ. ഡോ. പ്രസാദ് കൃഷ്ണ, ഡെപ്യൂട്ടി ഡയറക്ടര്‍, പ്രൊഫ. പി.എസ് സതീദേവി എന്നിവര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8-ന്, ‘വിമന്‍ ഇന്‍ സ്റ്റീം’ എന്ന വിഷയത്തില്‍ ‘കോണ്‍സ്റ്റലേറ്റ് ’23’ എന്ന ഗവേഷണ ഫെസ്റ്റിവല്‍, റിസര്‍ച്ച് ഫോറം എന്‍.ഐ.ടി കാലിക്കറ്റുമായി ചേര്‍ന്ന് സി.ഡബ്ല്യു.എസ്.ഇ സംയുക്തമായി സംഘടിപ്പിച്ചു. വനിതാദിന പരിപാടികളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി നിരവധി മത്സരങ്ങളും നടത്തി. ‘വിമന്‍ ഇന്‍ സ്റ്റീം’ എന്ന വിഷയത്തില്‍ ഡിജിറ്റല്‍ പോസ്റ്റര്‍ ഡിസൈന്‍ മത്സരവും ‘എന്റെ സാമൂഹിക ഉത്തരവാദിത്തം’ എന്ന വിഷയത്തില്‍ പ്രഭാഷണ മത്സരവും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടന്നു.

മാര്‍ച്ച് 10 ന്, പ്രമുഖ വനിതാ വിദഗ്ധരുടെ പങ്കാളിത്തത്തോടെ ഒരു ഔദ്യോഗിക പരിപാടി സംഘടിപ്പിച്ചു, ചടങ്ങില്‍ സി.ഡബ്ല്യു.എസ്.ഇ ചെയര്‍പേഴ്‌സണ്‍ ഡോ. സുനി വാസുദേവന്‍ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ഡോ. രാജലക്ഷ്മി മേനോന്‍ കോഴിക്കോട് എന്‍ഐടിയിലെ സെന്റര്‍ ഫോര്‍ വിമന്‍ വെല്‍ഫെയര്‍ ആന്‍ഡ് സോഷ്യല്‍ എംപവര്‍മെന്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഡോ. രാജലക്ഷ്മി മേനോന്‍ തന്റെ പ്രഭാഷണത്തില്‍ സ്ത്രീ നേതൃത്വത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും വെല്ലുവിളികള്‍ സ്വീകരിക്കാനും മുന്നോട്ട് വരാനും സ്ത്രീ സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംരംഭകത്വം ഉള്‍പ്പെടെയുള്ള വിജയകരമായ ഫലങ്ങള്‍ക്കായി സ്ത്രീകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ചടങ്ങിന്റെ അതിഥിയായ ലെഫ്റ്റനന്റ് കമാന്‍ഡര്‍ കുല്‍ബീര്‍ കൗര്‍ രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക അടിത്തറ വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നിരവധി പ്രഗത്ഭരായ വനിതാ ശാസ്ത്രജ്ഞരെ പ്രത്യേകം പരാമര്‍ശിച്ചു. ചടങ്ങില്‍ സെന്റര്‍ ഫോര്‍ വിമന്‍ വെല്‍ഫെയര്‍ ആന്‍ഡ് സോഷ്യല്‍ എംപവര്‍മെന്റിന്റെ വെബ്‌സൈറ്റും ലെഫ്റ്റനന്റ് കമാന്‍ഡര്‍ കുല്‍ബീര്‍ കൗര്‍ ഉദ്ഘാടനം ചെയ്തു.
എന്‍.ഐ.ടി കാലിക്കറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. ഡോ. സതീദേവി പി.എസ്, വനിതാ ദിന സന്ദേശം നല്‍കുകയും നേതൃസ്ഥാനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് സാമൂഹിക പിന്തുണയുടെ പ്രാധാന്യം എടുത്തുപറയുകയും ചെയ്തു. രജിസ്ട്രാര്‍ കമാന്‍ഡര്‍ (ഡോ.) ഷാമസുന്ദര എം. എസ്, സ്ത്രീ ശാക്തീകരണം ഓരോ വ്യക്തിയുടേയും കുടുംബത്തില്‍ നിന്ന് തുടങ്ങേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. നിന്ദ്യമായ പെരുമാറ്റങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനും സ്ത്രീ സമൂഹത്തോട് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഡോ. എ. ഷൈജ അഭ്യര്‍ത്ഥിച്ചു.

കോഴിക്കോട് എന്‍.ഐ.ടിയില്‍ 25 വര്‍ഷത്തിലേറെയായി സേവനം ചെയ്യുന്ന വനിതാ ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു. ‘Embracing Equity: Challenges and Experiences’ എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ ലഘു സംവാദവും നടത്തി. വനിതാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും പരിപാടിയുടെ സമാപനത്തില്‍ ഡോ. ലിന്റു രാജന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ധഫോട്ടോ അടിക്കുറിപ്പ്: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി സെന്റര്‍ ഫോര്‍ വിമന്‍ വെല്‍ഫെയര്‍ ആന്‍ഡ് സോഷ്യല്‍ എംപവര്‍മെന്റ് (www.cwse.nitc.ac.in) വെബ്‌സൈറ്റ് കോഴിക്കോട് എന്‍ഐടിയില്‍ പ്രകാശനം ചെയ്യുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *