തലശ്ശേരി: ജഗന്നാഥ ക്ഷേത്രമഹോത്സവത്തിന്റെ സമാപന നാളില്‍ വൈകീട്ട് നടന്ന ആറാട്ട് എഴുന്നള്ളത്തില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ അണിചേര്‍ന്നു. താലപ്പൊലിയേന്തിയ ബാലികമാരുടേയും നാദസ്വരത്തിന്റെയും അകമ്പടിയോടെ നടന്ന എഴുന്നള്ളത്തിന് ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ.കെ.സത്യന്‍ ഉള്‍പ്പടെയുള്ള ഡയരക്ടര്‍മാരും, കര്‍മങ്ങള്‍ക്ക് തന്ത്രിവര്യന്‍ പറവൂര്‍ രാകേഷിന്റെ നേതൃത്വത്തിലുള്ള ക്ഷേത്രം തന്ത്രിമാരും നേതൃത്വം നല്‍കി. സഹജയോഗ പ്രചാരകരുടെ യോഗധാര , സംഗീത, നൃത്ത, ആത്മസാക്ഷാത്കാര പരിപാടി ജഗന്നാഥ ക്ഷേത്രാങ്കണത്തില്‍ നിറഞ്ഞ സാംസ്‌കാരിക സദസ്സിന് നവ്യാനുഭവമായി. സഹജയോഗ സ്ഥാപകയായ ശ്രീ മാതാജി നിര്‍മല ദേവിയുടെ നൂറാം ജന്മദിന ആഘോഷത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നാല്‍പ്പതോളം സഹജയോഗ കലാകാരന്മാരാണ് യോഗധാര അവതരിപ്പിച്ചത്. പ്രാണാ അക്കാദമി ഓഫ് പെര്‍ഫോമിങ്ങ് ആര്‍ട്‌സ് അവതരിപ്പിച്ച കലാമണ്ഡലം ബിലഹരിയുടെ സോപാന സംഗീത പരിപാടിയും ഏറെ ശ്രദ്ധേയമായി. കേരള കലാമണ്ഡലത്തിന്റെ നങ്ങ്യാര്‍ കൂത്തും ആസ്വാദകരെ ഏറെ ആകര്‍ഷിച്ചു. അതേസമയം ജഗന്നാഥ ക്ഷേത്ര മഹോത്സവം പ്രൗഢവും, ധന്യവുമാക്കി മാറ്റിയ മുഴുവന്‍ ഭക്തജനങ്ങള്‍ക്കും നാട്ടുകാര്‍ക്കും, വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും, മാധ്യമങ്ങള്‍ക്കും ജ്ഞാനോദയ യോഗത്തിന് വേണ്ടി പ്രസിഡണ്ട് അഡ്വ. കെ.സത്യന്‍ ക്യതജ്ഞത അറിയിച്ചു.