ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ അനുകൂല ഉളളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതായി ആരോപിച്ച് രാജ്യത്തെ ആറ് യുട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. വിദേശ രാജ്യങ്ങളില്‍ നിന്ന് നിയന്ത്രിക്കുന്ന ആറ് യൂട്യൂബ് ചാനലുകളെയാണ് നിരോധിച്ചതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി അപൂര്‍വ ചന്ദ്ര അറിയിച്ചു.നിരോധനം നേരിട്ട ആറ് ചാനലുകളും പഞ്ചാബി ഭാഷയിലുളളതാണ്.
കഴിഞ്ഞ പത്ത് ദിവസങ്ങളിലായാണ് ആറ് ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നും അപൂര്‍വ ചന്ദ്ര വ്യക്തമാക്കി. നടപടി സ്വീകരിച്ച യുട്യൂബ് ചാനലുകളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരം ചാനലുകള്‍ക്കെതിരെ യൂട്യൂബ് നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം വക്താവ് അറിയിച്ചു.
ഖലിസ്ഥാന്‍ അനുഭാവിയുമായ അമൃതപാല്‍ സിങ്ങിന്റെ അനുയായികള്‍ തങ്ങളുടെ സഹായികളിലൊരാളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 23ന് വാളുകളും തോക്കുകളുമായി അജ്നാലയിലെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതിന്റെ (വാരിസ് പഞ്ചാബ് പ്രക്ഷോഭം) പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. ഡല്‍ഹിയില്‍ നടന്ന കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദുവാണ് വാരിസ് പഞ്ചാബ് ദേയുടെ സ്ഥാപകന്‍. 2022 ഫെബ്രുവരിയില്‍ ഒരു വാഹനാപകടത്തില്‍ സിദ്ദു മരിച്ചു. അതിന് ശേഷം വാരിസ് പഞ്ചാബ് ദേയുടെ നേതാവായി വന്നയാളാണ് അമൃത്പാല്‍ സിങ്.