- ആരോഗ്യ സര്‍വേ നടത്താന്‍ തീരുമാനം
കൊച്ചി: ബ്രഹ്‌മപുരത്ത് പ്ലാന്റിലെ പുക മൂലം 678 പേര്‍ ശ്വസനസംബന്ധമായ അസുഖത്താല്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യസര്‍വേ നടത്താന്‍ തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ദേശീയ ആരോഗ്യ മിഷന് കീഴിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറി വിവരശേഖരണം നടത്താനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കും. പുക മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പും സ്വകാര്യ ആശുപത്രികളും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സഹകരിച്ച് പ്രവര്‍ത്തിക്കും.
ബ്രഹ്‌മപുരത്തും പരിസര പ്രദേശങ്ങളിലുമായി ഒന്‍പത് മെഡിക്കല്‍ ക്യാംപുകളാണ് ഇതിനോടകം സംഘടിപ്പിച്ചത്. എല്ലാ ദിവസവും വിവിധ പ്രദേശങ്ങളിലായി ക്യാംപ് നടത്താനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തിന് പുറമേ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഐ.എം.എ നല്‍കും. ആരോഗ്യ വകുപ്പും ഐ.എം.എയും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ദേശീയ ആരോഗ്യ മിഷനിലെ ഡോക്ടറായ അതുല്‍ ജോസഫ് മാനുവേലിനെ ചുമതലപ്പെടുത്തി.