കോഴിക്കോട്: നൂറ്റാണ്ടിലധികം പഴക്കമുള്ള ഓര്‍ത്തഡോക്സ്- യാക്കോബായ സഭാതര്‍ക്കം പരിഹരിക്കാന്‍ ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമ്മീഷന് ശുപാര്‍ശ ചെയ്ത വ്യവസ്ഥകളോടെ നിയമനിര്‍മാണം നടത്താന്‍ തീരുമാനിച്ച സര്‍ക്കാരിനെ ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി ചെയര്മാന് ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണി, ജനറല്‍ കണ്‍വീനര്‍ എം.സി. ജോണ്സണ്, ഖജാന്‍ജി സി.സി. മനോജ് എന്നിവര്‍ സ്വാഗതം ചെയ്തു. സഭാതര്‍ക്കം ക്രമസമാധാന പാലനത്തേയും, കുടുംബ-വിവാഹ- ബന്ധങ്ങളേയും, ആചാര അനുഷ്ഠാനങ്ങളെയും, പങ്കാളിത്ത വ്യാപാര സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിച്ചു. ഈ സാഹചര്യത്തിലാണ് ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി ഉള്‍പ്പെടെയുള്ള സമാധാനം കാംക്ഷിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഭൂരിപക്ഷം അനുസരിച്ച് ജനാധിപത്യ രീതിയില്‍ തര്‍ക്കമുള്ള പള്ളികളുടെ ഭരണചുമതല ഏല്‍പ്പിക്കണമെന്ന് അഭ്യര്‍ഥിച്ചത്.
ഇടവക അംഗങ്ങളുടെ ശവസംസ്കാരത്തിന് പോലും അക്രമങ്ങളും, തര്‍ക്കങ്ങളും, തടസങ്ങളും ചില പള്ളികളില്‍ രൂപപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആദ്യം ഓഡിനന്‍സും പിന്നീട് സെമിത്തേരിബില്ലും സര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും ആരാധന സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ സാധിക്കാത്തതിനാല്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാവുകയായിരുന്നു. സഭാ തര്‍ക്കം മൂലം നിര്‍ബന്ധ സഭ പരിവര്‍ത്തനങ്ങള്‍ക്കും, വിശ്വാസികള്‍ അവരുടെ കുടുംബ കല്ലറയില്‍ വിശേഷ ദിവസങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നതിനും എതിരേ ചില പള്ളികളില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങള്‍ റവന്യൂ, പോലിസ്, മറ്റു ബന്ധപ്പെട്ട അധികാരികള്‍ക്കും സമീപവാസികള്‍ക്കും പ്രയാസം സൃഷ്ടിച്ചു. തര്‍ക്കമുള്ള പള്ളികളില്‍ പോലിസ്സേന കാവല്‍ നില്‍ക്കേണ്ട അവസ്ഥയുണ്ടായി. ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി ഉള്‍പ്പെടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണം നടത്താനുള്ള തീരുമാനം വിശ്വാസിക ള്‍ക്ക് ഏറെ ആശ്വാസവും സന്തോഷവും പ്രതീക്ഷയും നല്കുന്നുവെന്നവര് അഭിപ്രായപ്പെട്ടു.