സുമലതയെ ഉറ്റുനോക്കി കര്‍ണാടക രാഷ്ട്രീയം

സുമലതയെ ഉറ്റുനോക്കി കര്‍ണാടക രാഷ്ട്രീയം

ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയരംഗം നടിയും ലോക്‌സഭാ എംപിയുമായ സുമലതയെ ഉറ്റുനോക്കുകയാണ്. സുമലത അംബരീഷ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം ശക്തമാവുകയാണ്. സുമതലയുടെ ബിജെപി പ്രവേശനം ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്തെത്തി. വെള്ളിയാഴ്ച മാണ്ഡ്യയില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്വതന്ത്ര എംപിയായ സുമലത ബിജെപിയില്‍ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മദ്ദൂര്‍ താലൂക്കിലെ ഗെജ്ജലഗെരെയില്‍ ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ്വേ ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച മാണ്ഡ്യയിലെത്തും മുമ്പേ സുമലതയെ ബിജെപിയിലേക്ക് എത്തിക്കാനുള്ള നീക്കമാണ് സംസ്ഥാന നേതൃത്വം സജീവമാക്കിയത്.

മാണ്ഡ്യയില്‍ നടക്കുന്ന ഒന്നര കിലോമീറ്റര്‍ റോഡ് ഷോയിലും നരേന്ദ്രമോദി പങ്കെടുക്കും. മെയ് മാസത്തോടെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യ ജില്ലയിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്ന് അവര്‍ മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. കോണ്‍ഗ്രസിനും ജെഡിഎസിനും സ്വാധീനമുള്ള മാണ്ഡ്യയില്‍ സുമതലതയിലൂടെ വേരോട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമം. സുമതലയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താനില്ലെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സിനിമാ രംഗത്ത് സജീവമായിരുന്ന സുമതല കോണ്‍ഗ്രസ് നേതാവും നടനുമായ അംബരീഷിന്റെ മരണത്തോടെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. സുമതല സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന് അനുയായികള്‍ ആവശ്യപ്പെട്ടിരുന്നു. 2019ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് 1,25,876 വോട്ടുകള്‍ക്കാണ് സുമലത വിജയിച്ചത്. അന്നത്തെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെയാണ് സുമലത പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലായിരുന്നു നിഖില്‍ മത്സരിച്ചത്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമായിരുന്നു മാണ്ഡ്യ.

ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സുമലത രംഗത്തിറങ്ങിയത്. മത്സരിക്കാനായി ടിക്കറ്റിന് കോണ്‍ഗ്രസിനെ സമീപിച്ചെങ്കിലും സഖ്യധാരണയില്‍ കോണ്‍ഗ്രസ് മണ്ഡലം ജെഡിഎസിന് വിട്ടുകൊടുക്കേണ്ടി വന്നതോടെ സുമതല ഇടഞ്ഞു. പിന്നീടാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. സുമലതയെ ജെഡിഎസ്, കോണ്‍ഗ്രസ് നേതാക്കള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ജെഡിഎസിന് മണ്ഡലം നല്‍കിയതില്‍ കോണ്‍ഗ്രസിലും എതിര്‍പ്പുണ്ടായിരുന്നു. നിരവധി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സുമലതയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് പതാകയുമേന്തി പരസ്യ പ്രചാരണം നടത്തി.

2018 ലെ തെരഞ്ഞെടുപ്പില്‍ ഏഴ് നിയമസഭാ സീറ്റുകളിലും ജെഡിഎസ് ആണ് വിജയിച്ചത്. സുമലതയെ കൂടെക്കൂട്ടി ജെഡിഎസ് കോട്ട പൊളിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ജെഡിഎസ് വിട്ട് നാരായണ ഗൗഡ എംഎല്‍എ ബിജെപിയില്‍ എത്തിയതോടെ ഉപതിരഞ്ഞെടുപ്പില്‍ കെആര്‍ പേട്ട് നിയമസഭാ സീറ്റ് നേടി ചുവടുറപ്പിക്കാന്‍ബിജെപിക്ക് കഴിഞ്ഞു. നിയമസഭയില്‍ കേവല ഭൂരിപക്ഷം നേടുന്നതിന് മാണ്ഡ്യ ഉള്‍പ്പെടുന്ന പഴയ മൈസൂരു മേഖലയില്‍ പരമാവധി സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി സുമലതയെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *