ജന്ദര്‍ മന്തറില്‍ നിരാഹാര സമരവുമായി കവിത

ജന്ദര്‍ മന്തറില്‍ നിരാഹാര സമരവുമായി കവിത

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജന്ദര്‍മന്തറില്‍ നിരാഹാര സമരവുമായി തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആര്‍എസ് നേതാവുമായ കെ കവിത. ഈ സമരത്തിലേക്ക് 18 രാഷ്ട്രീയ പാര്‍ട്ടികളെയാണ് ക്ഷണിച്ചിരിക്കുന്നത്. നിരഹാര സമരം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.വനിത സംവരണ ബില്‍ നടപ്പാക്കണമെന്ന് തന്നെയാണ് സി പി എമ്മിന്റെയും നിലപാടെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. നിയമനിര്‍മ്മാണ സഭകളില്‍ മതിയായ വനിത പ്രാതിനിധ്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നു. സംവരണ ബില്‍ നടപ്പാക്കും വരെ പോരാട്ടം തുടരുമെന്നും കെ. കവിത പറഞ്ഞു.

ഇ.ഡിക്കു മുമ്പില്‍ നാളെ ഹാജരാവാനിരിക്കെയാണ് ഇന്ന് കവിത നിരാഹാരസമരം നടത്തുന്നത്. ഡല്‍ഹി മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മാര്‍ച്ച് രണ്ടിനാണ് ഇഡി അറിയിക്കുന്നത്. എന്നാല്‍ മാര്‍ച്ച് 16 ലേക്ക് തിയ്യതി മാറ്റി നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇഡി സമ്മതിച്ചില്ലെന്നും കവിത പറയുന്നു. ആംആദ്മി പാര്‍ട്ടി, ശിവസേന, അകാലിദള്‍, പിഡിപി, നാഷ്ണല്‍ കോണ്‍ഫറന്‍സ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങി 18 ഓളം പാര്‍ട്ടികള്‍ കവിതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തില്‍ അണിചേരും.

പാര്‍ട്ടി അണികളായ 600ഓളം പേര്‍ കവിതയുടെ നിരാഹാരത്തിനൊപ്പം പങ്കെടുക്കും. ലോകസഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് 2008ലാണ് രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കുന്നത്. 2010ല്‍ രാജ്യസഭയില്‍ ബില്‍ പാസായെങ്കിലും ലോക്‌സഭയുടെ പരിഗണനയിലേക്കെത്തിയ ബില്ലില്‍ ഇതുവരേയും തീരുമാനമായില്ല.

 

Share

Leave a Reply

Your email address will not be published. Required fields are marked *