കോലാര്‍: കര്‍ണാടകയില്‍ നെറ്റിയില്‍ സിന്ദൂരമണിയാത്ത യുവതിയെ അധിക്ഷേപിച്ച് ബി.ജെ.പി എം.പി. ഇന്ത്യയെ ഹിന്ദുത്വ ഇറാനാക്കാനുള്ള ശ്രമമെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ്. വനിതാ ദിനത്തില്‍ കോലാറിലെ ചന്നയ്യ മന്ദിരത്തിലെ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്ത ശേഷമാണ് ബി.ജെ.പി എം.പി മുനിസ്വാമി കടയിലെ ജീവനക്കാരിക്കു നേരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്.
‘നിങ്ങളുടെ ഭര്‍ത്താവ് ഇപ്പോഴും ജീവിച്ചിരിക്കുന്നില്ലേ? നിങ്ങളെന്തുകൊണ്ടാണ് നെറ്റിയില്‍ സിന്ദൂരം ധരിക്കാത്തത്? എന്തുകൊണ്ടാണ് ഇവിടെ വൈഷ്ണവി എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്? സുജാതയെന്ന പേരില്‍ നിങ്ങള്‍ക്ക് ഒരാല് കാശു തരുന്നു എന്നത് കൊണ്ട് സിന്ദൂരം ധരിക്കാതിരിക്കാന്‍ പാടില്ല? . ആദ്യം സിന്ദൂരം അണിയൂ. ആരെങ്കിലും ഇവര്‍ക്ക് സിന്ദൂരം കൊടുക്കൂ. നിങ്ങള്‍ക്ക് സാമാന്യബോധം ഇല്ലേ ?’ എന്നൊക്കെ എം.പി കടയിലെ ജീവനക്കാരിയോട് ആക്രോശിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.
ഇതിനെതിരേ കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം കടുത്ത ഭാഷയില്‍ വിമര്‍ശനമുയര്‍ത്തി.ഇന്ത്യയെ ബി.ജെ.പി ഹിന്ദുത്വ ഇറാന് ആക്കി മാറ്റുമെന്നും ബി.ജെ.പി യുടെ ആയത്തുള്ളമാര്‍ തെരുവുകളില്‍ സദാചാര പോലീസിംഗ് നടപ്പാക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.