കോഴിക്കോട്: വനിതാ ദിനത്തില്‍ മലബാര്‍ മേഖലയിലെ ക്ഷീരസംഘങ്ങളിലെ വനിതാ പ്രസിഡന്റുമാര്‍ക്കും വൈസ് പ്രസിഡന്റുമാര്‍ക്കുമായി മലബാര്‍ മില്‍മ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. മില്‍മ ചെയര്മാന് കെ.എസ് മണി അധ്യക്ഷത വഹിച്ചു.
ക്ഷീര സംഘങ്ങളുടെ ഭരണ സമിതിയില്‍ പ്രസിഡന്റ് അല്ലെങ്കില്‍ വൈസ് പ്രസിഡന്റ് നിര്‍ബന്ധമായും ഒരു വനിതയായിരിക്കണം എന്ന ചരിത്രപരമായ നിയമം നിയമസഭ പാസാക്കിയ ഘട്ടത്തില്‍ മില്‍മ വനിതാ ക്ഷീര സംഘം ഭാരവാഹികള്‍ക്കായി സംഘടിപ്പിച്ച ഈ ശില്പശാല എന്തുക്കൊണ്ടും പ്രസക്തമാണെന്ന് മന്ത്രി പറഞ്ഞു. മലബാര്‍ മേഖലയില്‍ 61 വനിതാ ക്ഷീര സംഘം പ്രസിഡന്റുമാരും 261 വനിതാ വൈസ് പ്രസിഡന്റുമാരുമാണ് ഉള്ളത്.
ചടങ്ങില്‍ കൊയിലാണ്ടി നിയോജക മണ്ഡലം എം.എല്‍.എ കാനത്തില്‍ ജമീല, ഡോ. ഖദീജ മുംതസ് എന്നിവര്‍ സംസാരിച്ചു. ശില്പശാലയില് പങ്കെടുത്ത മുഴുവന്‍ വനിതാ പ്രസിഡന്റുമാര്‍ക്കും ഔഷധ സസ്യതൈകള്‍ നല്കി ആദരിച്ചു. മേഖലാ യൂണിയന് ഭരണ സമിതി അംഗം അനിത കെ.കെ സ്വാഗതവും മില്‍മ അസിസ്റ്റന്റ് മാനേജര്‍ ഗീതാകുമാരി നന്ദിയും പറഞ്ഞു.