ലാഹോര്‍: ലാഹോറിലെ പഞ്ചാബ് സര്‍വകലാശാലയില്‍ ഹോളി ആഘോഷിച്ചതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം.സംഭവത്തില്‍ പതിനഞ്ചോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.സര്‍വകലാശാല വളപ്പില്‍ ഹോളി ആഘോഷിക്കുന്നതിനിടെ നിരവധി ആളുകള്‍ എത്തി വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്ന സംഭവത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചു.
സംഭവത്തെ തുടര്‍ന്ന് ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ചു. ഹോളി ആഘോഷിക്കാന്‍ വിദ്യാര്‍ഥികള്‍ നേരത്തെ അനുമതി വാങ്ങിയിരുന്നെന്നും ഇസ്ലാമി ജാമിയത് തുല്‍ബ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
മതന്യൂനപക്ഷങ്ങള്‍ക്ക് പാകിസ്ഥാനില്‍ സ്വതന്ത്രമായി ജീവിക്കാനോ അവരുടെ മതം ആചരിക്കാനോ കഴിയില്ലെന്ന് ഇന്ത്യ അടുത്തിടെ കുറ്റപ്പെടുത്തിയിരുന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സാധാരണക്കാരുടെ മരണത്തിന് പാകിസ്ഥാന്‍ നേരിട്ട് ഉത്തരവാദികളാണെന്നും കഴിഞ്ഞ ആഴ്ച യു എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യന്‍ പ്രതിനിധി കുറ്റപ്പെടുത്തിയിരുന്നു. പാകിസ്ഥാനില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആളുകളുടെ തിരോധാനങ്ങളെക്കുറിച്ചുള്ള കഴിഞ്ഞ 10 വര്‍ഷത്തിനിടെ 8,000-ത്തിലധികം പരാതികള്‍ ലഭിച്ചതായും ഇന്ത്യ കുറ്റപ്പെടുത്തി.