കൂടത്തായി കേസ്; റോയ് തോമസ് കൊലയില്‍ നിന്ന് കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ഹര്‍ജി തള്ളി

കൂടത്തായി കേസ്; റോയ് തോമസ് കൊലയില്‍ നിന്ന് കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ഹര്‍ജി തള്ളി

കൊച്ചി: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി. ആദ്യഭര്‍ത്താവായ റോയ് തോമസിനെ കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. കേസില്‍ തനിക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തമായ തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലെന്നുമായിരുന്നു ജോളിയുടെ വാദം. റോയിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷാംശത്തെക്കുറിച്ച് പറയുന്നില്ലെന്ന വാദവും ഹര്‍ജിയില്‍ ഉന്നയിച്ചു. എന്നാല്‍ വിഷം ഉള്ളില്‍ച്ചെന്നാണ് മരിച്ചതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

കോഴിക്കോട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയ ജോളിയുടെ അപേക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തള്ളിയത്. ഹര്‍ജിക്കാരിയുടെ മകനും നിലവിലെ ഭര്‍ത്താവുമൊക്കെ നല്‍കിയ മൊഴികള്‍ ജോളിയുടെ പങ്കിനെക്കുറിച്ച് വലിയ സംശയം സൃഷ്ടിക്കുന്നുണ്ടെന്നും കോടതി വിലയിരുത്തി. 2011 സെപ്റ്റംബര്‍ 20ന് സയനൈഡ് ഉള്ളില്‍ച്ചെന്നാണ് റോയ് തോമസ് കൊല്ലപ്പെട്ടതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരേ കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലാണ് ജോളി ശിക്ഷിക്കപ്പെട്ടത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ മാത്യു, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് മരിച്ചത്. ഭര്‍തൃമാതാവിനെ വിഷം കൊടുത്തും മറ്റ് അഞ്ചുപേരെ സയനൈഡ് നല്‍കിയുമാണ് കൊലപ്പെടുത്തിയതെന്നും അന്വേഷണ സംഘം കണ്ടൈത്തിയിരുന്നു. ബന്ധുക്കളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് 2019 ജൂലൈയില്‍ റോയിയുടെ സഹോദരന്‍ റോജോ വടകര റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം.

Share

Leave a Reply

Your email address will not be published. Required fields are marked *