പട്‌ന: മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവിനെ ഭൂമി കുംഭകോണക്കേസില്‍ സിബിഐ ചോദ്യം ചെയ്യുന്നു. ലാലുവിന്റെ മകളും എം.പിയുമായ മിസ ഭാരതിയുടെ പന്തര പാര്‍ക്കിലെ വസതിയില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. അന്വേഷണവുമായി സഹകരിക്കുമെന്ന് ലാലുവിന്റെ കുടുംബം അറിയിച്ചു. കഴിഞ്ഞ ദിവസം ഇതേ കേസുമായി ബന്ധെപ്പട്ട് ലാലു പ്രസാദിന്റെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയെയും സിബിഐ ചോദ്യം ചെയ്തിരുന്നു.
അതേസമയം, സിബിഐയുടെ ചോദ്യം ചെയ്യലിനെതിരെ ലാലുവിന്റെ മകള്‍ രോഹിണി ആചാര്യ രംഗത്തുവന്നിട്ടുണ്ട്.ഗുരുതര രോഗത്തെ തുടര്‍ന്ന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ലാലുവിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നതിനെതിരെയാണ് രണ്ടാമത്തെ മകള്‍ രോഹിണി രംഗത്തെത്തിയിരിക്കുന്നത്. അച്ഛനെ നിരന്തരം പീഡിപ്പിക്കുകയാണെന്ന് രോഹിണി പറഞ്ഞു. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ആരെയും വെറുതെ വിടില്ലെന്ന് മുന്നറിയിപ്പും നല്‍കി.ഇതെല്ലാം ഓര്‍മ്മിക്കപ്പെടും. സമയം വളരെ ശക്തമാണെന്ന് അവര്‍ ട്വീറ്റ് ചെയ്തു.74കാരനായ നേതാവിന് ഇപ്പോഴും ഡല്‍ഹിയിലെ അധികാരക്കസേര ഇളക്കാന്‍ കഴിവുണ്ടെന്നും സഹിഷ്ണുതയുടെ പരിമിതികള്‍ പരീക്ഷിക്കപ്പെടുകയാണെന്നും രോഹിണി പറഞ്ഞു.
ലാലു പ്രസാദ് യാദവിന് നേരത്തെ തന്നെ നോട്ടീസ് അയച്ചിരുന്നെന്ന് സി.ബി.ഐ അറിയിച്ചു. ജോലി നല്‍കിയതിന് കൈക്കൂലിയായി ഭൂമി വാങ്ങി എന്ന കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, മകള്‍ മിസ ഭാരതി, 13 മറ്റുള്ളവര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.