ഷാര്‍ജ പൈതൃക മേളയിലെ മലയാളി ജന്തുശാസ്ത്രജ്ഞനും അറേബ്യന്‍ ഫാല്‍ക്കനും

ഷാര്‍ജ പൈതൃക മേളയിലെ മലയാളി ജന്തുശാസ്ത്രജ്ഞനും അറേബ്യന്‍ ഫാല്‍ക്കനും

ഷാര്‍ജ: അറേബ്യന്‍ വേട്ടപ്പക്ഷിയായ ഫാല്‍ക്കനോടുള്ള മൊഹബത്ത് പെരുത്ത് കഴിഞ്ഞ 28 വര്‍ഷമായി ഫാല്‍ക്കന്‍ പക്ഷികളുടെ പിന്നാലെ കൂടിയ ഒരു ജന്തുശാസ്ത്രജ്ഞനുണ്ട് ഇങ്ങ് ദൂരെ മലപ്പുറത്ത്.ഷാര്‍ജ പൈതൃക മേളയില്‍
ശ്രദ്ധേയനാവുകയാണ് കോഴിക്കോട് സര്‍വകലാശാല ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആയ ഡോ. സുബൈര്‍ മേടമ്മല്‍. മാര്‍ച്ച് ഒന്നിന് തുടങ്ങിയ ഷാര്‍ജ പൈതൃക മേളയില്‍ ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ ഉള്ള ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെറിറ്റേജിന്റെ ക്ഷണം സ്വീകരിച്ച് ഫാല്‍ക്കനുകളെ കുറിച്ച് പൈതൃക മേളയില്‍ ക്ലാസ്സ് എടുക്കാനെത്തിയതാണ് അദ്ദേഹം.

ഷാര്‍ജ പൈതൃക മ്യൂസിയത്തിനടുത്ത് ബുധനാഴ്ച ആരംഭിച്ച മേളയില്‍ രാജ്യത്തെ സ്‌കൂള്‍, കോളേജ്, യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളും പൊതുജനങ്ങളും പങ്കെടുക്കുന്നുണ്ട്.അറബികളുടെ പ്രിയപ്പെട്ട വേട്ട പക്ഷിയായ ഫാല്‍ക്കനുകളെയും അവയുടെ പരിപാലനത്തേയും കുറിച്ച് യു. എ. ഇ യിലേ പുതു തലമുറയില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഷാര്‍ജ ഭരണാധികാരിയുടെ നേതൃത്വത്തിലുള്ള മേളയിലേയ്ക്ക് ഡോ സുബൈറിനെ ക്ഷണിച്ചത്. പരമ്പരാഗത അറബി വേഷം ധരിച്ച്, വഴക്കമുള്ള അറബി ഭാഷയിലാണ് ഡോ. സുബൈര്‍ ഷാര്‍ജ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള ഷാര്‍ജ ഫാല്‍ക്കന്‍ ക്ലബ് പവലിയനില്‍ മുഖാമുഖം പരിപാടി നടത്തുന്നത്.

പ്രാപ്പിടിയന്‍ എന്ന് മലയാളികള്‍ വിളിക്കുന്ന ഫാല്‍ക്കനോടുള്ള ഇഷ്ടം മൂത്ത് മലപ്പുറം വളവന്നൂര്‍ ബാഫക്കി യതീം ഖാന ഹയര്‍ സെക്കന്ററിയില്‍ ജീവശാസ്ത്ര അധ്യാപകനായിരിക്കെ അഞ്ച് വര്‍ഷം അവധിയെടുത്ത് ഫാല്‍ക്കന്‍ ഗവേഷണത്തിനായി ഇറങ്ങിതിരിച്ചു.ഏഴ് രാജ്യങ്ങളില്‍ അലഞ്ഞാണ് ഗവേഷണ പഠനം പൂര്‍ത്തിയാക്കിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഡാറ്റാ ശേഖരണത്തിന് പുറമെ ജര്‍മനിയില്‍ നിന്ന് ഫാല്‍ക്കനുകളുടെ കൃത്രിമ പ്രജനനത്തില്‍ പ്രത്യേക പരിശീലനവും നേടി.2004 ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം അവിടെ ജന്തുശാസ്ത്ര വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചു.2010 ല്‍ അന്നത്തെ യു. എ. ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ ഫാല്‍ക്കനുകളെ നോക്കാനായി അബുദാബിയില്‍ എത്തി. അതിനിടയില്‍ ദേശീയ പെട്രോളിയം കമ്പനി ആയ അഡ്‌നോക്കില്‍ ദേശീയ പരിസ്ഥിതി ശാസ്ത്രജ്ഞനായി ചുമതല ഏറ്റെങ്കിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ജന്തു ശാസ്ത്ര വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആകാന്‍ നാട്ടിലേയ്ക്ക് മടങ്ങി.യൂണിവേഴ്‌സിറ്റി ക്യാമ്പസ്സിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍ ദേശീയ പക്ഷി ഗവേഷണ കേന്ദ്രം
കോ കോര്‍ഡിനേറ്റര്‍ കൂടിയാണ് അദ്ദേഹം.

മാര്‍ച്ച് 21 വരെ നീളുന്ന മേളയില്‍ എല്ലാ ദിവസവും വൈകീട്ട് നാല് മുതല്‍ 11 വരെ മുഖാമുഖവും ശില്പ ശാലയും അദ്ദേഹം നയിക്കുന്നുണ്ട്. ഫാല്‍ക്കന്‍ പക്ഷികളെക്കുറിച്ച 6 വര്‍ഷം ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയ ഏക ഏഷ്യക്കാരന്‍ എന്ന നിലയില്‍ യൂ എ ഇ യില്‍ ലഭിച്ച ഈ അവസരം ഒരു വലിയ അംഗീകാരം ആയാണ് അദ്ദേഹം കാണുന്നത്.യൂ. എ. ഇ യിലെ സംസ്‌കാരവും പൈതൃകവും മുഴുവനായും ഈ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകത്തിലെ വിവിധ രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ഈ മേളയില്‍ പങ്കെടുക്കാന്‍ കഴിയുന്നത് തനിക്കും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജന്തു ശാസ്ത്ര വിഭാഗത്തിനും അഭിമാനം നല്‍കുന്നതാണെന്ന് ഡോക്ടര്‍. സുബൈര്‍ മേടമ്മല്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം യൂ. എ. ഇ ഫാല്‍ക്കണിസ്റ്റ് എന്ന തസ്തികയില്‍ അദ്ദേഹത്തിന് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കി. ഈ കാലത്തിനിടയില്‍ ഫാല്‍ക്കന്‍ വിഷയത്തില്‍ ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഡോക്ടര്‍ സുബൈറിന് സാധിച്ചു.2001 ല്‍ എമിരേറ്റ്‌സ് ഫാല്‍ക്കനേഴ്‌സ്
ക്ലബ്ബില്‍ അംഗത്വം കിട്ടിയ അറബിയല്ലാത്ത ഏക വ്യക്തിയായി. അബുദാബിയില്‍ അറബ് ഹണ്ടിങ് ഷോയില്‍ തുടര്‍ച്ചയായി 21 വര്‍ഷമായി പങ്കെടുക്കുന്നു. സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നടക്കുന്ന ഫാല്‍ക്കന്‍ മേളകളിലും സ്ഥിരം ക്ഷണിതാവാണ്.2018 ല്‍ മൊറൊക്കോ യില്‍ തുടങ്ങിയ ഫാല്‍ക്കന്‍ ബ്രീഡിങ് സെന്ററിന്റെ നിര്‍മ്മാണത്തിന്റെ കണ്‍സള്‍ടന്റ് എന്ന നിലയില്‍ പങ്കാളിയായി.2019 ല്‍ ഓസ്‌ട്രേലിയ യില്‍ ചാള്‍സ് സ്റ്റര്‍ട്ട് യൂണിവേഴ്‌സിറ്റി യില്‍ ഇന്ത്യ യിലെ ഫാല്‍ക്കനുകളെ കുറിച്ച് ക്ലാസ്സ് എടുക്കാന്‍ ക്ഷണിക്കപ്പെട്ടു. അമേരിക്ക, യൂ. കെ., ഓസ്‌ട്രേലിയ, മൊറൊക്കോ, സിങ്കപ്പൂര്‍, ഈജിപ്ത്, മലേഷ്യ, ചൈന, ജര്‍മ്മനി, ജോര്‍ദാന്‍, ശ്രീലങ്ക, പാകിസ്ഥാന്‍, ഇറാന്‍, പലസ്റ്റീന്‍., ഒമാന്‍, ബഹ്റൈന്‍ തുടങ്ങി തന്റെ ഫാല്‍ക്കന്‍ ഗവേഷണവുമായി സുബൈര്‍ സന്ദര്‍ശിച്ച രാജ്യങ്ങള്‍ നിരവധിയാണ്.അടുത്ത മാസം 9 ന് ബെല്‍ജിയത്തിലെ ഹമൂറ ഫാല്‍ക്കന്‍ ബ്രീഡിങ് സെന്ററിന്റെ ക്ഷണ പ്രകാരം ഇന്ത്യയിലെ
ദേശാടനത്തെ കുറിച്ച് പ്രഭാഷണം നടത്താന്‍ പുറപ്പെടാനിരിക്കുകയാണ് ഡോ.സുബൈര്‍മേടമ്മല്‍.

ഡോ.സുബൈര്‍മേടമ്മല്‍.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *