ഷില്ലോങ് : മേഘാലയയില്‍ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടും തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ കാവല്‍ മുഖ്യമന്ത്രി കോണ്‍റാഡ് സങ്മയുടെ എന്‍പിപി-ബിജെപി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. പിന്തുണ അറിയിച്ചുള്ള കത്ത് ഞായറാഴ്ച ഇരു പാര്‍ട്ടികളും കൈമാറിയതിന് പിന്നാലെ സാങ്മ നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തു. ‘സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍പിപിയുമായി കൈകോര്‍ത്തതിന് യു.ഡി.പി ക്കും പി.ഡി.എഫി നും നന്ദി. മേഘാലയയെയും അവിടുത്തെ ജനങ്ങളെയും സേവിക്കാന്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തമായ പിന്തുണ ഞങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും.’ എന്നായിരുന്നു സാങ്മ ട്വീറ്റ് ചെയ്തത്.
മേഘാലയയില്‍ രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് യു.ഡി.പി. 11 സീറ്റുകളാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരക്ഷിതമാക്കിയത്. മുകുള്‍ സാങ്മയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നിവയുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഇത് പരാജയപ്പെട്ടതോടെ എന്‍.പി.പി-ബി.ജെ.പി സഖ്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.കേവല ഭുരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. 60 നിയമസഭ സീറ്റില്‍ 59 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. അതില്‍ എന്‍.പി.പി-26, ബി.ജെ.പി-2, എച്ച.്എസ്.പി.ഡി.പി-2, സ്വതന്ത്രന്‍-2 എന്നിവരുടെ പിന്തുണയോടെ 32 പേരുടെ അംഗബലത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ കോണ്‍റാഡ് സങ്മയെ ക്ഷണിച്ചിരുന്നു. ഇന്ന് യു.ഡി.പി യുടെ 11 സീറ്റും പി.ഡി.എഫി ന്റെ 2 സീറ്റും ചേരുന്നതോടെ 45 സീറ്റിന്റെ പിന്തുണ ലഭിക്കും.