ന്യൂഡല്‍ഹി:മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയയുടെ സിബിഐ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടി. സിസോദിയ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ നല്‍കണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.സിസോദിയയുടെ ജാമ്യാപേക്ഷ സിബിഐ കോടതി മാര്‍ച്ച് 10ന് പരിഗണിക്കും. ചില രേഖകള്‍ കാണാനില്ലെന്നും അത് കണ്ടെത്താന്‍ സമയം വേണമെന്നും സിബിഐ കോടതിയില്‍ പറഞ്ഞു. അതേസമയം സിബിഐയുടെ അന്വേഷണം പരാജയമാണെന്ന് സിസോദിയയുടെ അഭിഭാഷകന് വാദിച്ചു.
കേസില്‍ ജാമ്യം തേടി സിസോദിയ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി മടക്കിയിരുന്നു. അറസ്റ്റ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇപ്പോള്‍ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി സിസോദിയക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ചൊവ്വാഴ്ച ഡല്‍ഹി മന്ത്രിസഭയില്‍ നിന്ന് രാജി വെക്കുകയും ചെയ്തിരുന്നു.