റഷ്യ സാമ്പത്തിക പാപ്പരത്തത്തിലേയ്ക്ക്

റഷ്യ സാമ്പത്തിക പാപ്പരത്തത്തിലേയ്ക്ക്

മോസ്‌കോ: റഷ്യയുടെ സാമ്പത്തിക നില ഭദ്രമെന്ന് പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍ പറഞ്ഞതിനു പിന്നാലെ ഒരു വര്‍ഷത്തിനുള്ളില്‍ റഷ്യ സാമ്പത്തിക പാപ്പരത്തത്തിലേക്ക് നീങ്ങുമെന്ന് പഴയ റഷ്യന്‍ പ്രഭു ഒലെഗ് ഡറിപസ്‌ക പറഞ്ഞതായി റിപ്പോര്‍ട്ട്. രാജ്യം രക്ഷപ്പെടണമെങ്കില്‍ വിദേശ രാജ്യങ്ങളുടെ സഹായം കൂടിയേ തീരൂ എന്നും ഒലെഗ് ഡറിപസ്‌ക പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തിനു മുന്നിലും തകരാതെ നിന്ന സമ്പദ് വ്യവസ്ഥയെ പ്രശംസിച്ചായിരുന്നു പുടിന്‍ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയത്.

‘അടുത്ത വര്‍ഷമാകുമ്പോഴേക്കും ട്രഷറിയില്‍ പണമൊന്നും ഉണ്ടാകില്ല, ഞങ്ങള്‍ക്ക് വിദേശ നിക്ഷേപകരെ ആവശ്യമുണ്ട് ”റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രഭു ഒലെഗ് ഡറിപസ്‌ക പറഞ്ഞു. 2022ല്‍ സംഘര്‍ഷത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ യുക്രെയ്‌നിലെ മോസ്‌കോയുടെ അധിനിവേശം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രഭുക്കന്മാര്‍ ആഹ്വാനം ചെയ്തിരുന്നു എന്നാണ് റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വിദേശ നിക്ഷേപകര്‍ക്ക്, പ്രത്യേകിച്ച് റഷ്യയുടെ സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തെ രക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കാനാവുമെന്നാണ് ഡെറിപസ്‌ക പയുന്നത്. ശരിയായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും വിപണികള്‍ ആകര്‍ഷകമാക്കുന്നതിനുമുള്ള റഷ്യയുടെ കഴിവിനെ ആശ്രയിച്ചിരിക്കും വിദേശ നിക്ഷേപങ്ങളുടെ വരവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റഷ്യയുടെ സാമ്പത്തിക സാധ്യതകള്‍ നിര്‍ണ്ണയിക്കുന്നത് യുക്രെയ്‌നില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കാമെന്നും ഒലെഗ് ഡെറിപസ്‌ക ചൂണ്ടിക്കാട്ടി.

2022ഫെബ്രുവരിയിലാരംഭിച്ച യുക്രൈന്‍ അധിനിവേശത്തിനു ശേഷം, പാശ്ചാത്യ രാജ്യങ്ങള്‍ 11300-ലധികം ഉപരോധങ്ങളാണ് റഷ്യക്ക് നേരെ ഏര്‍പ്പെടുത്തിയത്. റഷ്യയുടെ 300 ബില്യണ്‍ ഡോളറിന്റെ വിദേശ കരുതല്‍ ശേഖരം മരവിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം, ചൈന റഷ്യക്ക് സാമ്പത്തികസഹായം ഉള്‍പ്പടെ നല്‍കിവരുന്നുണ്ട്. റഷ്യ ഈ മാസം എണ്ണ ഉല്‍പാദനം വെട്ടിക്കുറയ്ക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയേക്കാം.

Share

Leave a Reply

Your email address will not be published. Required fields are marked *