കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് മേഖലയില്‍ പടര്‍ന്ന തീയണയ്ക്കാനുള്ള ശ്രമം വിഫലമായെന്ന് ജില്ലാ കലക്ടര്‍ ഡോ. രേണു രാജ്. അതിനാല്‍, പ്ലാസ്റ്റിക് മാലിന്യങ്ങളിലെ അഗ്നിബാധ അണയ്ക്കാന്‍ വ്യോമസേനയുടെ സഹായം തേടുമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. ഇന്നു ഉച്ചയോടെ തീ നിയന്ത്രണവിധേയമായില്ലെങ്കില്‍ വ്യോമസേനയെ വിളിക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുഖേന ഇതു സംബന്ധിച്ച് വ്യോമസേനയുമായി ചര്‍ച്ച നടത്തി.
ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്അടങ്ങുന്ന കൂനയ്ക്കാണ് വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ തീ പിടിച്ചത്. രാത്രിയോടെ ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണക്കാനുള്ള ശ്രമം നടത്തിയത്. കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്ക്കിന് പുറകു വശത്തായി ചതുപ്പ് പാടത്താണ് തീപ്പിടുത്തം ഉണ്ടായത്. അഗ്നിരക്ഷാസേനയുടെ പത്തിലധികം യൂണിറ്റുകള്‍ തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. തീയണയ്ക്കാന്‍ ശ്രമം തുടരുന്നതിനിടെ കൊച്ചി നഗരത്തില്‍ വീണ്ടും പുക നിറഞ്ഞു.
ബ്രഹ്മപുരത്തെ അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ വെള്ളം ടാങ്കറുകളില്‍ എത്തിക്കുന്നുണ്ട്. ആര്.ടി.ഒ മുഖേനയാണ് ടാങ്കേഴ്സ് അസോസിയേഷനില്‍ നിന്നും ടാങ്കറുകള്‍ ലഭ്യമാക്കുന്നത്. റീജ്യണല്‍ ഫയര്‍ ഓഫിസറുടെ കീഴില്‍ കൂടുതല്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. തീനാളങ്ങളുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും പുക വമിക്കുന്നത് തുടരുകയാണ്. ബ്രഹ്മപുരത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കലക്ടറേറ്റില്‍ ഉന്നതതല യോഗം ചേരും.