നെൽവയൽ ഉടമകൾക്ക് റോയൽറ്റി വിതരണോദ്ഘാടനം ഇന്ന്

കോഴിക്കോട് : നെൽകൃഷി ചെയ്യാവുന്ന നെൽവയലുകൾ രൂപമാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുകയും കൃഷിക്കായി ഉപയുക്തമാക്കുകയും ചെയ്യുന്ന നെൽവയലുകളുടെ ഉടമകൾക്ക് ഹെക്ടറൊന്നിന് ഓരോ സാമ്പത്തിക വർഷവും 2000 രൂപ നിരക്കിൽ റോയൽറ്റി അനുവദിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് തൃശൂർ ജില്ലാ പ്ലാനിംഗ് ഹാളിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ, ധനകാര്യവകുപ്പ് മന്ത്രി എം.തോമസ് ഐസക്, ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ചീഫ് വിപ്പ് അഡ്വ. കെ. രാജൻ എം.എൽ.എ, തൃശൂർ കോർപ്പറേഷൻ മേയർ അജിത ജയരാജൻ, എം.പി.മാർ, എം.എൽ.എ മാർ, കൃഷി ഡയറക്ടർ ഡോ. കെ. വാസുകി ഐ.എ.എസ്.എന്നിവർ പങ്കെടുക്കും. നിലവിൽ നെൽകൃഷിചെയ്യുന്ന ഭൂമിയുടെ ഉടമകളും റോയൽറ്റിക്ക് അർഹരാണ്. നെൽവയലുകളിൽ വിളപരിക്രമത്തിന്റെ ഭാഗമായി നെൽവയലുകളുടെ അടിസ്ഥാന സ്വഭാവവ്യതിയാനം വരുത്താതെ പയർവർഗങ്ങൾ, പച്ചക്കറികൾ ,എള്ള് ,നിലക്കടല തുടങ്ങിയ ഹ്രസ്വകാലവിളകൾ കൃഷിചെയ്യുന്ന നിലം ഉടമകൾക്കും റോയൽറ്റി അർഹത ഉണ്ടായിരിക്കും. നെൽവയലുകൾ തരിശായി ഇട്ടിരിക്കുന്ന ഭൂവുടമകൾ പ്രസ്തുതഭൂമി നെൽകൃഷിക്കായി സ്വന്തമായോ, മറ്റു കർഷകർ / ഏജൻസികൾ മുഖേന കൃഷി ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ റോയൽറ്റി അനുവദിക്കും. പ്രസ്തുത ഭൂമി മൂന്നുവർഷം തുടർച്ചയായി തരിശായി കിടന്നാൽ പിന്നീട ്‌റോയൽറ്റിക്ക് ഉണ്ടായിരിക്കുന്നതല്ല. അതിനുശേഷം വീണ്ടും കൃഷി ആരംഭിക്കുന്ന മുറയ്ക്ക് റോയൽറ്റിക്ക് അർഹത ലഭിക്കും. റോയൽറ്റിക്കായുള്ള അപേക്ഷകൾ www.aims.kerala.gov.in എന്നപോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം നടപ്പ് സാമ്പത്തികവർഷത്തിലെ കരംഅടച്ചരസീത്/ കൈവശാവകാശസർട്ടിഫിക്കറ്റ്, ആധാർ, അല്ലെങ്കിൽ വോട്ടർ ഐ .ഡികാർഡ്/ ഡ്രൈവിംഗ് ലൈസൻസ് / പാൻകാർഡ്മുതലായ മറ്റേതെങ്കിലും തിരിച്ചറിയൽരേഖ, ബാങ്കിന്റെ ശാഖയുടെയുംപേര്, അക്കൗണ്ട്‌നമ്പർ, ഐഎഫ്എസ്സ്‌കോഡ് മുതലായവ വ്യക്തമാക്കുന്ന ബാങ്ക് പാസ്ബുക്കിന്റെ പേജ് /റദ്ദാക്കിയ ചെക്ക്‌ലീഫ് എന്നീ രേഖകളും അപ്‌ലോഡ് ചെയ്യേണ്ടതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *