രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 163 റണ്‍സിന് ഓള് ഔട്ട്, ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത് ചേതേശ്വര്‍ പൂജാര മാത്രം, നഥാന്‍ ലിയോണിന് എട്ട് വിക്കറ്റ്
ഇന്‍ഡോര്‍: ഓസീസിനെ കുരുക്കാന്‍ എടുത്ത സ്പിന്‍ കുഴിയില്‍ കറങ്ങി വീണ് പേരുകേട്ട ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്. ഇന്ത്യക്കെതിരേ മികച്ച റെക്കോര്‍ഡുള്ള നഥാന്‍ ലിയോണ്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ മറുപടിയില്ലാതെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് പതറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ-12, ശുഭ്മാന്‍ ഗില്‍-5, വിരാട് കോലി-13, ജഡേജ-7, ശ്രേയസ് അയ്യര്‍- 26, ശ്രീകര്‍ ഭരത്-3, അശ്വിന്-16, അക്ഷര്‍ പട്ടേല്‍-15 (നോട്ടൗട്ട്), ഉമേഷ് യാദവ് (0), സിറാജ് (0) ഇങ്ങനെ പോകുന്നു 10 ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ സ്കോറുകള്‍. ചേതേശ്വര്‍ പൂജാരയുടെ പ്രതിരോധത്തിലൂന്നിയ കളി മികവ് ഇല്ലായിരുന്നുവെങ്കില്‍ ഇന്നിങ്സ് തോല്‍വിയെന്ന നാണക്കേടിലേക്ക് ഇന്ത്യ വീഴുമായിരുന്നു. ക്ഷമയോടെ ഓസിസ് ബൗളര്‍മാരെ നേരിട്ട പൂജാര 142 പന്തില്‍ 59 റണ്‍സുമായാണ് ക്രീസ് വിട്ടത്. ഇന്ത്യന്‍ ബാറ്റ്സ്മാന്മാരില് കോലിയുടേയും ശ്രേയസിന്റെയും വിക്കറ്റുകള്‍ ഒഴികെയുള്ളവ വിഴ്ത്തിയത് നഥാന്‍ ലിയോണാണ്. കോലി മാത്യൂ കുനെമാന് മുന്നിലും ശ്രേയസ് സ്റ്റാര്‍ക്കിന് മുന്നിലുമാണ് വീണത്. ആദ്യ ഇന്നിംഗ്സില്‍ 88 റണ്‍സിന്റെ ലീഡ് വഴങ്ങിയ ടീം ഇന്ത്യ രണ്ടാം ഇന്നിംഗ്സിലും പതറി. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ നഥന്‍ ലിയോണ്‍ തുടക്കത്തിലെ നിയന്ത്രണം കണ്ടെത്തിയപ്പോള്‍ 32 റണ്‍സിനിടെ ഇരു ഓപ്പണര്‍മാരെയും ഇന്ത്യക്ക് നഷ്ടമായി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 109 റണ്‍സിനെതിരേ ഓസീസ് 197 റണ്‍സ് കണ്ടെത്തി. ജഡേജ നാലും അശ്വിനും ഉമേഷ് യാദവും മൂന്ന് വീതവും വിക്കറ്റ് വീഴ്ത്തി. 60 റണ്‍സ് നേടിയ ഉസ്മാന് ഖവാജയായിരുന്നു ഓസീസ് ടോപ് സ്കോറര്‍. നേരത്തെ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ രണ്ട് ടെസ്റ്റുകളും ഇന്ത്യ പരമ്പര ജയിച്ചിരുന്നു.