കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തിന് തിരിതെളിഞ്ഞു

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തിന് തിരിതെളിഞ്ഞു

പ്രണയം പറഞ്ഞ്, കവിത ചൊല്ലി ഉദ്ഘാടനം നിര്‍വഹിച്ച് മുരുകന്‍ കാട്ടാക്കട

തലശ്ശേരി: മലയാളത്തിന് മറക്കാന്‍ കഴിയാത്ത എഡ്വേര്‍ഡ് ബ്രണ്ണന്‍ സായ്പ്പിന്റെ നാമധേയത്തിലുള്ള കലാലയ മുത്തശ്ശിയുടെ മടിത്തട്ടില്‍, സര്‍വ്വകലാശാലാ കലോത്സവം അരങ്ങേറിയപ്പോള്‍, ഉദ്ഘാടന പ്രസംഗത്തിലൂടെ കവി മുരുകന്‍ കാട്ടാക്കട കൗമാര – യൗവ്വനമനസ്സുകളെ കവര്‍ന്നു. കവിത തുളുമ്പും വാക്കുകളും, മധുരം കിനിയും കവിതകളും കൊണ്ട് പ്രണയവും, വിപ്ലവവും, സമകാലീന പരിസരങ്ങളും കോര്‍ത്തുവച്ച് കവി, നിറഞ്ഞ സദസില്‍ ചിരിയും ചിന്തയും പടര്‍ത്തി.

ഇനി എത്രകാലം യൂണിയന്‍ പ്രവര്‍ത്തനം ഉണ്ടാകുമെന്നോ, കലാ പവര്‍ത്തനങ്ങള്‍ സ്വതന്ത്രമായി നടത്താന്‍ കഴിയുമെന്നോ പറയാന്‍ കഴിയാത്ത തരത്തില്‍ നമ്മുടെ നാട് മാറി കൊണ്ടിരിക്കുകയാണെന്ന് കവി മുരുകന്‍ കാട്ടാക്കട സംശയം പ്രകടിപ്പിച്ചു. സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്ന പ്രത്യയ ശാസ്ത്രം തിരിച്ചു കൊണ്ട് വരാനുള്ള ശ്രമം നടക്കുന്നു. ഒരു രാജ്യം, ഒരു ഭാഷ , ഒരു മതം , ഒരു ഭക്ഷണ രീതി എന്നിങ്ങനെ എല്ലാം ഏകാധിപത്യപരമായ ഏകത്വത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്തിലാണ് ഈ കലോത്സവം നടക്കുന്നതെന്നും കവി ചൂണ്ടിക്കാട്ടി.

വിദ്യാര്‍ഥികള്‍ പ്രണയിക്കണമെന്നും, സ്ഥലവും സുക്ഷ്മവുമായ പ്രണയ ബോധങ്ങളിലൂടെ കടന്ന് പോകുന്നതോടൊപ്പം, പ്രണയ നഷ്ടങ്ങളുടെ സൗന്ദര്യം വിദ്യാര്‍ഥികളെ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവം സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം ധര്‍മ്മടം ഗവ.ബ്രണ്ണന്‍ കോളേജില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലോത്സവത്തെ വലിയ സാംസ്‌കാരിക സംഗമം ആയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘രേണുക’ കവിത ചൊല്ലി അദ്ദേഹം വിദ്യാര്‍ഥികളെ കൈയ്യിലെടുത്തു. സര്‍ഗ്ഗത്മകമായ ഇടപെടല്‍ പ്രതികരണ ശേഷിയുള്ള സമൂഹത്തിനെ വാര്‍ത്തെടുക്കുമെന്നും കവി ഓര്‍മ്മിപ്പിച്ചു. കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ കെ.സാരംഗ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. സി.ബാബു രാജ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ.ടി ചന്ദ്രമോഹന്‍, ഡോ. കെ.ശ്രീജിത്ത്, ഡോ. രാഖി രാഘവന്‍, സര്‍വകലാശാല ഡി.എസ്.എസ് ഡോ. നഫീസ ബേബി, സംഘാടക സമിതി കണ്‍വീനര്‍ വൈഷ്ണവ് മഹീന്ദ്രന്‍ എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു. യൂണിയന്‍ ജോയിന്റ് സെക്രട്ടറി അശ്വതി അമ്പലത്തറ സ്വാഗതവും സര്‍വകലാശാല യൂണിയന്‍ ജോയിന്റ് സെക്രട്ടറി വൈഷ്ണവ് നന്ദിയും പറഞ്ഞു. അഞ്ചു ദിവസങ്ങളിലായി വിവിധ ഇനങ്ങളില്‍ മാറ്റുരക്കാന്‍ 3000 ത്തോളം വിദ്യാര്‍ഥികളാണ് എത്തുന്നത്. ആദ്യ രണ്ടു ദിവസങ്ങളില്‍ സ്റ്റേജിതര മത്സരങ്ങളാണ് നടക്കുന്നത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *