ചിരുത തെയ്യം കെട്ടിയാടപ്പെടാന്‍ കാത്തിരിക്കുന്നു കവിയൂരുകാര്‍

ചിരുത തെയ്യം കെട്ടിയാടപ്പെടാന്‍ കാത്തിരിക്കുന്നു കവിയൂരുകാര്‍

ചാലക്കര പുരുഷു

ന്യൂമാഹി: കെട്ടിയാട്ടം നിലച്ചിട്ട് അരനൂറ്റാണ്ടായിട്ടും കവിയൂരുകാര്‍ക്ക് ചിരുത തെയ്യത്തെ മറക്കാനാവില്ല. നാടെങ്ങും തെയ്യങ്ങള്‍ നിറഞ്ഞാടുമ്പോള്‍, ഇന്നാട്ടുകാരുടെ ഏറെ പ്രത്യേകതകളുള്ള സ്വന്തം കളിയാട്ടമായ ചിരുത തെയ്യം കെട്ടിയാടപ്പെടാത്തതില്‍ കവിയൂരുകാര്‍ ഏറെ സങ്കടത്തിലാണ്. പോയ കാലത്തെ വീരന്മാരായ പലരും കഥകളിലൂടേയും പാട്ടുകളിലൂടേയും തെയ്യക്കോലങ്ങളായി അമരത്വം നേടിയിട്ടുണ്ട്. കതിവന്നൂര്‍ വീരന്‍, കുടിവീരന്‍, പടവീരന്‍, കരിന്തിരി നായര്‍, മുരിക്കഞ്ചേരി കേളു, വടക്കന്‍പാട്ടിലെ വീരനായകരായ പയ്യംവള്ളി ചന്തു, തച്ചോളി ഒതേനന്‍ തുടങ്ങി പലരും. വീര വനിതകളും ഇങ്ങനെ കെട്ടിയാടപ്പെടുന്നുണ്ട്. മാക്കവും മക്കളും, മനയില്‍ ഭഗവതി, തോട്ടും കരഭഗവതി, മുച്ചിലോട്ടു ഭഗവതി, വണ്ണാത്തി ഭഗവതി, കപ്പാളത്തിച്ചാമുണ്ഡി അങ്ങനെ പോകുന്നു പെണ്‍ തെയ്യക്കോലങ്ങളുടെ പേരുകള്‍. ഏറ്റവും ഒടുവില്‍ തെയ്യക്കോലമായി മാറിയത് ന്യൂമാഹി കവിയൂരിലെ ചിരുത ഭഗവതിയായിരിക്കും.

ഘണ്ട കര്‍ണ്ണന്‍ തെയ്യം

അച്ചുതന്‍ പൂശാരിയുടെ സ്‌നേഹനിധിയായ ഭാര്യയായിരുന്നു ചിരുത എന്ന സ്ത്രീ. അവരുടെ മരണശേഷം ഭര്‍ത്താവായ അച്ചുതന്‍ പൂശാരി തെയ്യമായി കെട്ടിയാടിക്കുകയായിരുന്നു. സ്വന്തം പേരിലുള്ള സ്‌കന്ദതാരക ബ്രഹ്‌മക്ഷേത്രം എന്ന സുബ്രഹ്‌മണ്യന്‍ കോവിലിലായിരുന്നു തെയ്യം അരങ്ങേറിയിരുന്നത്. അതിന്റെ തോറ്റവും കവി കൂടിയായിരുന്ന അദ്ദേഹം തന്നെ എഴുതി അച്ചടിച്ച് വിതരണം ചെയ്തിരുന്നു. അതി മനോഹരമായ തെയ്യക്കോലമായിരുന്നു ചിരുത ഭഗവതി. ചെറുപന്തങ്ങള്‍ വെച്ചുള്ള ഉയരമുള്ള മുടിയും അരയില്‍ ചുറ്റിനും വന്‍ പന്തങ്ങളുമുള്ള ഗാംഭീര്യമുള്ള തെയ്യം, അഭൗമമായ രാത്രിക്കാഴ്ചയായിരുന്നു. വൈദ്യുതി വെളിച്ചവും ഉണ്ടായിരുന്നില്ല. ഏതാണ്ട് ഘണ്ട കര്‍ണ്ണന്‍ തെയ്യത്തിന് സമാനമായിരുന്നു ആ കോലം.

1973ന് മുമ്പാണ് ഇവിടെ അവസാന തെയ്യം കെട്ടിയാടിയത്. വെടിക്കെട്ടിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നതിനിടെ കരിമരുന്നിന് തീപ്പിടിക്കുകയായിരുന്നു. അച്ചുതന്‍ പൂശാരിയടക്കം നിരവധിയാളുകള്‍ക്ക് പരുക്കേറ്റു. മാവിന്‍ചുവട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സുഹൃത്തിനെ വലിച്ചോടുന്നതിനിടയില്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഒ.അജിത് കുമാറിനും പരുക്കേറ്റിരുന്നു. ആ സംഭവത്തിന് ശേഷം അവിടെ തെയ്യം നടന്നിട്ടില്ല. ഏറെ താമസിയാതെ അച്ചുതന്‍ പൂശാരിയും മരണപ്പെടുകയായിരുന്നു. കെടാമംഗലം സദാനന്ദന്റെ കഥാപ്രസംഗം, കലാമണ്ഡലം കൃഷ്ണന്‍ നായരുടെ കഥകളി തുടങ്ങി പ്രശസ്തരുടെ കലാപരിപാടികള്‍ ഇവിടെ നടത്തിവന്നിരുന്നു.
കുറച്ചു വര്‍ഷങ്ങളായി തെയ്യം കെട്ടിയാടിയ ഈ സ്ഥലം നാട്ടുകാരുടെ കമ്മിറ്റി ക്ഷേത്രമായി കൊണ്ടു നടക്കുകയാണ്. അച്ചുതന്‍ പൂശാരിയുടെ രണ്ടാം ഭാര്യയും മക്കളും ക്ഷേത്രത്തോട് ചേര്‍ന്നുള്ള കൊച്ചു വീട്ടില്‍ താമസിക്കുന്നുണ്ട്. മകന്‍ ലോട്ടറി വിറ്റാണ് ഉപജീവനം നയിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *