കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഇനി ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒ.എന്‍.ഡി.സി) പ്ലാറ്റ്‌ഫോമിലേക്ക്

കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഇനി ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒ.എന്‍.ഡി.സി) പ്ലാറ്റ്‌ഫോമിലേക്ക്

തിരുവനന്തപുരം: കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഇനി ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ്(ഓ.എന്‍.ഡി.സി) പ്‌ളാറ്റ്‌ഫോമിലേക്കും. കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ ഫലപ്രദമായി വിറ്റഴിക്കുന്നതിനും അവര്‍ക്ക് വരുമാന ലഭ്യത ഉറപ്പു വരുത്തുന്നതിന്റെയും ഭാഗമായാണിത്. ഇ-കൊമേഴ്‌സ് വിപണന ശൃംഖലയില്‍ ഉല്‍പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും തുല്യ പ്രാതിനിധ്യം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഓ.എന്‍.ഡി.സിയുടെ പ്രവര്‍ത്തനം. ഓ.എന്‍.ഡി.സി പ്ലാറ്റ്‌ഫോമില്‍ ഉല്‍പന്നങ്ങളെത്തിച്ചു കൊണ്ട് ഈ രംഗത്തെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്.

നിലവില്‍ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളായ ആമസോണ്‍ വഴി 635ഉം ഫ്‌ളിപ്കാര്‍ട്ടിലൂടെ 40 ഉം കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. ഡിജിറ്റല്‍ കൊമേഴ്‌സ് രംഗത്തെ ഉപഭോക്താക്കള്‍ക്കിടയില്‍ ഈ ഉല്‍പന്നങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് ഇപ്പോള്‍ ഓ.എന്‍.ഡി.സിയുമായി കൈ കോര്‍ക്കുന്നത്.

ആദ്യഘട്ടമായി സംസ്ഥാനത്തെ വിവിധ കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ ഉള്‍പ്പെടെ 140 വ്യത്യസ്ത ഉല്‍പന്നങ്ങള്‍ ഓ.എന്‍.ഡി.സി പ്‌ളാറ്റ്‌ഫോമില്‍ ലഭ്യമാക്കും. കൂടാതെ അട്ടപ്പാടിയിലെ പട്ടികവര്‍ഗ മേഖലയില്‍ നിന്നുള്ള കുടുംബശ്രീ സംരംഭകര്‍ തയ്യാറാക്കുന്ന ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളും ഇതിലൂടെ ലഭ്യമാകും. സുഗന്ധവ്യഞ്ജനങ്ങളും ഇതില്‍ ഉള്‍പ്പെടും. ഉപഭോക്താക്കള്‍ക്ക് ഓ.എന്‍.ഡി.സി പ്‌ളാറ്റ്‌ഫോമില്‍ ലഭ്യമാകുന്ന ബയര്‍ ആപ്‌ളിക്കേഷനുകള്‍ വഴി തങ്ങള്‍ക്കിഷ്ടമുളള ഉല്‍പന്നങ്ങള്‍ വാങ്ങാനാകും. ഓര്‍ഡര്‍ നല്‍കുന്നതോടൊപ്പം രാജ്യത്തെവിടെയും ഡെലിവറി ചെയ്യാനുള്ള സേവന ദാതാവിനെ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഉപഭോക്താവിനുണ്ട്. ഓര്‍ഡര്‍ പ്രകാരമുള്ള ഉല്‍പന്നങ്ങള്‍ തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ബസാറില്‍ നിന്നും പായ്ക്ക് ചെയ്ത് അയയ്ക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും ഉല്‍പന്ന വിപണനം പ്രോത്സാഹിപ്പിക്കുന്നതിനുമുളള ഭാരത സര്‍ക്കാരിന്റെ പദ്ധതിയാണ് ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ്. ഇതില്‍ കുടുംബശ്രീ ഉല്‍പന്നങ്ങള്‍ എത്തിക്കുന്നതിനുള്ള സാങ്കേതിക സഹായം നല്‍കുന്നത് ബാംഗ്‌ളൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെല്‍മെട്രിക് പ്രൈവറ്റ് ലിമിറ്റഡാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *