തിരുവനന്തപുരം: കാര്‍ഷികമേഖലയിലെ സംരംഭകത്വ പ്രോത്സാഹനത്തിനായി വൈഗ 2023 നോടനുബന്ധിച്ച് ഡി.പി.ആര്‍ ക്ലിനിക് പ്രത്യേകമായി വിഭാവനം ചെയ്തുനടപ്പാക്കുകയാണ്. ഇത്തവണത്തെ വൈഗയുടെ ഏറ്റവും പ്രധാന ആകര്‍ഷണമാ ണ് ഡി.പി.ആര്‍. ക്ലിനിക്ക്. സംരംഭകര്‍ക്ക് വഴികാട്ടിയാകുക എന്ന ലക്ഷ്യത്തില്‍ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ഡി.പി.ആര്‍ ക്ലിനിക്ക് തിരുവനന്തപുരം സമേതിയില്‍ ഫെബ്രുവരി 15 മുതല്‍ 17 വരെയുള്ള തീയതികളില്‍ മൂന്ന് ദിവസമായിട്ടാണ് നടത്തപ്പെട്ടത്. ഒരുസംരംഭത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഒരുഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് അഥവാ ഡി.പി.ആര്‍. ഇതില്‍ആ സംരംഭത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഉള്‍ക്കൊള്ളുന്നു. ഘടകങ്ങള്‍ എന്നാല്‍, സംരംഭത്തിന് ആവശ്യമായ ഭൗതികസാഹചര്യം അസംസ്‌കൃതവസ്തുക്കളുടെ ലഭ്യത, യന്ത്ര സാമഗ്രികള്‍, സാങ്കേതികവിദ്യ, സാമ്പത്തിക സ്രോതസ്സ്, സാമ്പത്തികവിശകലനം, ആ പ്രൊഡക്ഷന്‍ യൂണിറ്റിന്റെ കപ്പാസിറ്റി, തുടങ്ങി ആസംരംഭത്തിന്റെ എല്ലാ മേഖലയും കോര്‍ത്തിണക്കിയാണ് ഒരു ഡി.പി.ആര്‍ രൂപകല്‍പന ചെയ്യുന്നത്.
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത 118 അപേക്ഷകളില്‍ നിന്ന് ഇന്റര്‍വ്യൂ നടത്തി 71 സാധ്യതാ സംരംഭങ്ങള്‍ തിരഞ്ഞെടുക്കുകയും ഇതില്‍നിന്ന് 50 മാതൃകാസംരംഭങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഇത്തരത്തില്‍ തിരഞ്ഞെടുത്ത 50 മാതൃകാസംരംഭങ്ങളായിരിക്കും ഡി.പി.ആര്‍ ക്ലിനിക്കില്‍ ഉള്‍പെടുത്തുക. വിദഗ്ധരുടെ ഒരുപാനലിനുമുന്നില്‍ സംരംഭകരാകാന്‍ ആഗ്രഹിക്കുന്നയാള്‍ തന്റെസ്വപ്‌നങ്ങളും അതിനുവേണ്ടി താന്‍ചെയ്തിട്ടുള്ള തയ്യാറെടുപ്പുകളും അവതരിപ്പിക്കുന്നു. പാനലില്‍ ശാസ്ത്രജ്ഞര്‍, സാമ്പത്തികവിദഗ്ധര്‍, സാങ്കേതികവിദഗ്ധര്‍, വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ ഫണ്ട് പദ്ധതിയിലെ ഉദ്യോഗസ്ഥര്‍, സ്റ്റേറ്റ്‌ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍, നബാര്‍ഡിന്റെ സബ്‌സിഡിയറി ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ആയനാബ്‌കോണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. സംരംഭകന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് സഹായിക്കുന്നതും ബാങ്കുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്നതുമായ കുറ്റമറ്റ ഒരു ഡി.പി.ആര്‍ ആണ് സംരംഭകന് ഡി.പി.ആര്‍ ക്ലിനിക്കിന്റെ ഇടപെടലോടെ ലഭിക്കുന്നത്. കൂടാതെ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ ക്ലിനിക്കിന്റെ ഭാഗമായി ഒരുകുടക്കീഴില്‍ സമന്വയിക്കുന്നതിനാല്‍ സംരംഭകന്റെ പ്രോജക്ട് ഇതരവകുപ്പുകള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിന്റെ സംയോജനസാധ്യതകളും ക്ലിനിക്കില്‍ പരിഗണിക്കുന്നു.
ഡി.പി.ആര്‍ ക്ലിനിക്കിന്റെ ഭാഗമായി 50 സംരംഭകരുടെ സംരംഭങ്ങള്‍ക്കാണ് ഡി.പി.ആറുകള്‍ തയ്യാറാക്കി നല്‍കുന്നത്. സംരംഭകരില്‍നിന്ന് ശേഖരിക്കുന്ന ആശയങ്ങളെ വിദഗ്ധസമിതി വിശകലനം ചെയ്ത് ഡി.പി.ആര്‍ തയ്യാറാക്കുന്നതിനോടൊപ്പം സര്‍ക്കാര്‍ പദ്ധതികളെ സമന്വയിപ്പിക്കുന്നതിനും അത്പ്രകാരമുള്ള പരമാവധി ആനുകൂല്യങ്ങള്‍ സംരംഭങ്ങള്‍ക്ക് ലഭിക്കാനും ഡി.പി.ആര്‍ ക്ലിനിക്കിലൂടെ സാധിക്കും. മാര്‍ച്ച് ഒന്നാം തീയതി ഡി.പി.ആറുകള്‍ക്ക് അന്തിമരൂപം നല്‍കുകയും തുടര്‍ന്ന് സംരംഭകര്‍ക്ക് ഡി.പി.ആറുകള്‍ കൈമാറുകയും ചെയ്യും. 20 കോടിയിലധികം രൂപയുടെ വിശദമായ പദ്ധതി രേഖകളാണ് തയ്യാറാകുന്നത്. ഇതുവരെ 31 ഡി.പി.ആറുകള്‍ക്ക് സഹായം നല്‍കുന്നതിന് ലീഡ് ബാങ്ക് തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്.