‘നെറതിങ്ക-2023’ ഒന്ന് മുതല്‍ 10 വരെ

‘നെറതിങ്ക-2023’ ഒന്ന് മുതല്‍ 10 വരെ

കോഴിക്കോട്: പാരമ്പര്യ വൈദ്യചികിത്സാ ക്യാമ്പും പാരമ്പര്യ ഭക്ഷ്യമേളയും പട്ടികവര്‍ഗസംസ്‌കാര പ്രദര്‍ശനവും നാളെ മുതല്‍ 10 വരെ ചേവായൂരിലുള്ള കിര്‍ത്താഡ്‌സ് ക്യാമ്പസില്‍ സംഘടിപ്പിക്കുമെന്ന് കിര്‍ത്താഡ്‌സ് ഡയരക്ടര്‍ ശ്രീധന്യ സുരേഷ് ഐ.എ.എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പട്ടികവര്‍ഗക്കാരുടെ രുചിക്കൂട്ടില്‍ തയ്യാറാക്കുന്ന ഭക്ഷ്യമേള പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. കാണിക്കാര്‍, ഇരുളര്‍, മുള്ളുക്കുറുമര്‍ എന്നീ സമുദായങ്ങളുടെ ഭക്ഷണ വിഭവങ്ങളാണ് മേളയിലുണ്ടാവുക. കല്ല്പുട്ട്, റാഗി കൊണ്ടുള്ള വിവിധതരം പലഹാരങ്ങള്‍, മരുന്ന് കാപ്പി, മുളയരിപ്പായസം എന്നീ വിഭവങ്ങള്‍ മേളയിലുണ്ടാകും. സുലോചന മണിരാജന്‍ (തിരുവനന്തപുരം), ബീനമുരുകേശ് (അട്ടപ്പാടി), ഗൗരി വെള്ളന്‍ (വയനാട്) എന്നിവര്‍ ഭക്ഷ്യമേളയില്‍ പങ്കെടുക്കും. പട്ടികവര്‍ഗസമൂഹങ്ങളിലെ മൂപ്പന്‍മാരില്‍ നിന്നും വായ്‌മൊഴിയായി തലമുറകളിലേക്ക് പകര്‍ന്ന് കിട്ടിയ പാരമ്പര്യ വൈദ്യ ചികിത്സയും മേളയിലുണ്ടാകും. 60തരം മരുന്നുകള്‍ കൊണ്ടുള്ള ആവിക്കുളിയും സജ്ജമാക്കിയിട്ടുണ്ട്.

രോഗികളെ നേരിട്ട് കണ്ട് ചികിത്സാവിധി നല്‍കുന്ന പത്തോളം വൈദ്യന്‍മാരുടെ സ്റ്റാളുകളും മേളയിലുണ്ടാകും. ഗണേശന്‍ കാണി, ഗോപി കാണി(തിരുവനന്തപുരം), ചെല്ലിമൂപ്പത്തി, രംഗസ്വാമി, രങ്കി വൈദ്യര്‍ (അട്ടപ്പാടി), കുഞ്ഞിരാമന്‍ വൈദ്യര്‍ (കാസര്‍കോട്), അച്ചപ്പന്‍ ഇ.സി, വിജയന്‍(വയനാട്) എന്നിവര്‍ ചികിത്സാ ക്യാമ്പിലെത്തുന്നുണ്ട്. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് പ്രദര്‍ശന സമയം. വാര്‍ത്താസമ്മേളനത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ്‌ ഓഫിസര്‍ ഷീന.കെ, ഡെപ്യൂട്ടി ഡയരക്ടര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് സന്ധ്യശേഖര്‍ എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *