തലശ്ശേരി: വാല്‍ക്കണയിലെ ചോരകൊണ്ട് കണക്കുകള്‍ തീര്‍ത്ത ഗതകാല കടത്തനാടിന്റെ മണ്ണില്‍ ഇതിഹാസം പോലെ ജീവിച്ച്, തെയ്യരൂപം പൂണ്ട് ആരാധനാമൂര്‍ത്തിയായി മാറിയ തച്ചോളി ഒതേനന്റേയും, പെറ്റ നാട്ടിലെ അങ്കത്തട്ടില്‍ ശിഷ്യനാല്‍ വധിക്കപ്പെട്ട കതിരൂര്‍ ഗുരിക്കളുടേയും മായാത്ത ഓര്‍മകളില്‍ നടന്ന സപ്തദിന പൊന്ന്യത്തങ്കത്തിന്റെ കളരിവിളക്കണഞ്ഞു. ഉറുമിയുടേയും വാള്‍ത്തലപ്പുകളുടേയും ശീല്‍ക്കാരങ്ങളും, കളരി കരളിലേറ്റിയവരുടെ ആരവങ്ങളും പൊടുന്നനെ നിലച്ചപ്പോള്‍ ആത്മ നിര്‍വൃതിയും പ്രതീക്ഷകളുമാണ് സംഘാടകരുടെ മുഖത്ത് പ്രകടമായത്. പൂരം കഴിഞ്ഞ പറമ്പ് പോലെ ഏഴരക്കണ്ടം മൂകമായി. പിന്നിട്ട ഏഴ് രാവുകളെ പകലുകളാക്കി മാറ്റുകയും നാടാകെ ഒന്നായി മാറുകയും ചെയ്ത ഏഴരക്കണ്ടത്തോട് വിട പറയാന്‍ കായിക മനസ്സുകള്‍ മടിച്ചു നിന്നു. ഇരുപത് കളരി സംഘങ്ങളെ പ്രതിനിധീകരിച്ച്, അഞ്ഞൂറോളം അഭ്യാസികളാണ് അങ്കത്തട്ടില്‍ കായിക പ്രതിഭക്ക് മാറ്റുരച്ചത്.
ഒ.എസ് ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി പുട്ടവിമലാദിത്യ ഉദ്ഘാടനം ചെയ്തു. തലശ്ശേരി എ.സി.പി അരുണ്‍ കെ.പവിത്രന്‍, എ.കെ രമ്യ, പി.ഷിജിന്‍, ഒഞ്ചിയം പ്രഭാകരന്‍, ടി.വേണു, എ.വി അജയകുമാര്‍, പി.പവിത്രന്‍, ദിബിന്‍, ധനലക്ഷ്മി, സി.എം യൂസഫ്, സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.സനല്‍ സ്വാഗതവും, പ്രോഗ്രാം ഓഫീസര്‍ പി.വി.ലവ് ലിന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ചൂരക്കൊടി കളരി, ഭാര്‍ഗവകളരി എന്നിവയുടെ കളരിപ്പയറ്റ് നടന്നു. സ്റ്റീഫന്‍ ദേവസ്യ നയിച്ച ഏഴരക്കണ്ടം നൈറ്റോടെ ഒരാഴ്ച നീണ്ടു നിന്ന കളരി മാമാങ്കത്തിന് തിരശ്ശീല വീണു.