തിരുവനന്തപുരം: യാത്രാ സൗജന്യം വെട്ടിക്കുറയ്ക്കാനുള്ള കെ.എസ്.ആര്.ടി.സിയുടെ നീക്കത്തിനെതിരെ കെ.എസ്.യു. 25 കഴിഞ്ഞവര്‍ക്ക് ഇളവില്ല എന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവിയര്‍ പറഞ്ഞു. 2016 മുതല്‍ 2020 വരെ 966.51 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് കെ.എസ്.ആര്.ടി.സിയുടെ മാര്‍ഗനിര്‍ദ്ദേശം. കെ.എസ്.ആര്.ടി.സി എം.ഡി ബിജുപ്രഭാകറിന്റേതാണ് ഈ നിര്‍ദ്ദേശം. എന്നാല്‍, ഇളവ് കെഎസ്.ആര്.ടി.സി എം.ഡിയുടെ ഔദാര്യമല്ലെന്നും വിദ്യാര്‍ത്ഥികളെ സാമ്പത്തിക അടിസ്ഥാനത്തില്‍ തരം തിരിക്കുന്നത് ശരിയല്ലെന്നും ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അലോഷ്യസ് പറഞ്ഞു.
ആദായ നികുതി നല്കുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് യാത്രാ ഇളവില്ല എന്നതും ബി.പി.എല്‍ പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് സൗജന്യ നിരക്കില്‍ യാത്ര ഒരുക്കും എന്നതും കെ.എസ്.ആര്.ടി.സി പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. അതേസമയം വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന് സ്വകാര്യ ബസ്സുടമകളും ആവശ്യപ്പെട്ടു. കണ്സഷന് ഭാരം സ്വകാര്യ ബസ്സുകള്‍ക്ക് മേല്‍ മാത്രം വയ്ക്കുന്നത് ശരിയല്ല. വിദ്യാര്‍ഥികള്‍ക്ക് കണ്സഷന് നല്‍കുന്നതിന് സ്വകാര്യ ബസ്സുടമകള്‍ എതിരല്ല. എന്നാല്‍ നിരക്ക് വര്‍ധിപ്പിക്കുക തന്നെ വേണമെന്ന് കേരളാ ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജോണ്സണ് പടമാടന് പറഞ്ഞു.