തിരുവനന്തപുരം: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്.ടി.സിയുടെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാര്‍ക്കായി നിര്‍ബന്ധിത പിരിച്ചുവിടല്‍ (വി.ആര്.എസ് – വൊളന്ററി റിട്ടയര്‍മെന്റ് സ്കീം) നടപ്പാക്കുന്നു. ഇതിനായി 7200ഓളം ജീവനിക്കാരുടെ പട്ടികയാണ് കെ.എസ്.ആര്.ടി.സി തയാറാക്കിയത്. 50 വയസും 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്കും വിരമിക്കാം. വിരമിക്കുന്ന ഒരു ജീവനക്കാരന് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കാനാണ് നിലവിലെ തീരുമാനം. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കും.
വി.ആര്.എസ് നടപ്പാക്കാന്‍ 1080 കോടി രൂപ വേണ്ടിവരുമെന്നാണ് മാനേജ്മെന്റിന്റെ കണക്കുക്കൂട്ടല്‍. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ പുതിയ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. വിആര്‍എസ് നടപ്പാക്കിയാല്‍ ശമ്പള ചെലവില്‍ അന്‍പത് ശതമാനം കുറയുമെന്നാണ് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, നിര്‍ബന്ധിത വി.ആര്.എസ് എതിര്‍ത്ത് തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. നിര്‍ബന്ധിത വി.ആര്.എസ് അംഗീകരിക്കില്ലെന്ന് ഇടത് അനുകൂല തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവും വി.ആര്.എസ് ഇടത് നയമല്ല എന്ന് എ.ഐ.ടി.യു.സിവും വ്യക്തമാക്കി.
ഏകദേശം 24,000 ത്തോളം ജീവനക്കാരാണ് കൈ.എസ്.ആര്.ടി.സിയിലുള്ളത്. കുറെ ജീവനക്കാരെ വി.ആര്.എസ് നല്കി മാറ്റി നിര്‍ത്തിയാല്‍ ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടി വരില്ലെന്നാണ് മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍.
അതിനിടെ പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍ കെ.എസ്.ആര്.ടി.സി വരുത്തിയ കുടിശിക ആറ് മാസത്തിനകം തീര്‍ക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 251 കോടി രൂപയാണ് 2014 മുതലുള്ള കുടിശിക. ദേശീയ പെന്ഷന് പദ്ധതിയിലേക്ക് അടക്കേണ്ട തുക വകമാറ്റിയത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.. ജീവനക്കാര്‍ നല്കിയ ഹര്‍ജിയില്‍ ആണ് നിര്‍ദ്ദേശം. 9000 ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക ആണ് വകമാറ്റിയത്. സാമ്പത്തിക പ്രതിസന്ധി കാരണം ആണ് തുക അടക്കാന്‍ കഴിയാതിരുന്നത് എന്നായിരുന്നു കെ.എസ്.ആര്.ടി.സിയുടെ വിശദീകരണം. എന്നാല്‍ ഈ വിശദീകരണം കോടതി തള്ളി.