കോടികളുടെ ഹവാല ഇടപാട്; ജോയ് ആലുക്കാസിന്റെ 305 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

കോടികളുടെ ഹവാല ഇടപാട്; ജോയ് ആലുക്കാസിന്റെ 305 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

തൃശൂര്‍: ജോയ് ആലുക്കാസിന്റെ 305 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കോടികളുടെ ഹവാല ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇ.ഡി തൃശൂരിലെ ജോയ് ആലുക്കാസ് ജ്വല്ലറിയും വീടും അനുബന്ധ സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള നടപടികളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ദുബായ് വഴി ഹവാലമാര്‍ഗം കടത്തിയ പണം ദുബായിയിലെ ജോയ് ആലൂക്കാസ് ജ്വല്ലറിയില്‍ നിക്ഷേപിച്ചതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് 1999 ലെ ഫെമ സെക്ഷന്‍ 97 എ പ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.

തൃശ്ശൂര്‍ ശോഭാ സിറ്റിയിലെ സ്ഥലവും പാര്‍പ്പിട കെട്ടിടവും അടങ്ങുന്ന 81.54 കോടി വരുന്ന 33 സ്വത്തുക്കള്‍, 91.22 ലക്ഷം വരുന്ന മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍, 5.58 കോടി വരുന്ന മൂന്ന് സ്ഥിരനിക്ഷേപങ്ങള്‍, 217.81 കോടി വരുന്ന ജോയ് ആലൂക്കാസ് ഇന്ത്യയുടെ ഓഹരികള്‍ എന്നിവയാണ് കണ്ടുകെട്ടിയത്. ജോയ് ആലുക്കാസ് വര്‍ഗീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കമ്പനിയായ ദുബായ് ജോയ് ആലുക്കാസ് ജ്വല്ലറി എല്‍.എല്‍.സിയില്‍ ഈ കള്ളപ്പണം നിക്ഷേപിച്ചു എന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. തുടര്‍ന്നായിരുന്നു പരിശോധന.

കഴിഞ്ഞ ദിവസമാണ് ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ്, കമ്പനിയുടെ ഡയറക്ടറുടെ താമസസ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ അഞ്ച് സ്ഥലങ്ങളില്‍ ഇ.ഡി പരിശോധന നടത്തിയത്. ഹവാല ഇടപാടുകളില്‍ ജോയ് ആലുക്കാസിന്റെ സജീവ പങ്കാളിത്തം തെളിയിക്കുന്ന തെളിവുകള്‍ ഔദ്യോഗിക രേഖകള്‍, മെയിലുകള്‍, സ്റ്റാഫ് അംഗങ്ങള്‍ എന്നിവയില്‍ നിന്ന് പരിശോധനയ്ക്കിടെ പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തുവിട്ട ഇന്ത്യയിലെ ജ്വല്ലറി ഉടമകളുടെ അതിസമ്പന്ന പട്ടികയില്‍ ഒന്നാമത് ജോയ് ആലുക്കാസ് എത്തിയിരുന്നു. 25,500 കോടി രൂപയാണ് ജോയ് ആലുക്കാസിന്റെ ആസ്തി.

Share

Leave a Reply

Your email address will not be published. Required fields are marked *