വൈഗ 2023 – വിവരണങ്ങളും പരിപാടികളും

വൈഗ 2023 – വിവരണങ്ങളും പരിപാടികളും

സംസ്ഥാനത്തെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ടവരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതുസംരംഭകരെ കാര്‍ഷികമേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ട് കൃഷിവകുപ്പ് 2016 മുതല്‍ വൈഗ (VAIGA – Value Addition for Income Generation in Agriculture) സംഘടിപ്പിച്ചുവരുന്നു. 2016 ല്‍ തിരുവനന്തപുരത്തും അതിന് ശേഷമുള്ള വര്‍ഷങ്ങളില്‍ തൃശൂരിലുമാണ് വൈഗ സംഘടിപ്പിച്ചിട്ടുള്ളത്. ‘കാര്‍ഷികമേഖലയില്‍ മൂല്യവര്‍ദ്ധിത ശൃംഖലയുടെവികസനം’ എന്ന ആശയത്തെ മുന്‍നിര്‍ത്തിക്കൊണ്ടാണ് ഇത്തവണത്തെ വൈഗ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് രണ്ട് വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിച്ചിട്ടുള്ളത്. കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും പുതുസംരംഭകര്‍ക്കും കാര്‍ഷിക മേഖലയിലെ അത്യാധുനിക സാങ്കേതിക മുന്നേറ്റങ്ങള്‍ അടുത്തറിയുന്നതിനും കാര്‍ഷികവിദഗ്ദ്ധര്‍ക്ക്പുതിയ സാങ്കേതിക വിദ്യകള്‍ പങ്കിടുന്നതിനും ഉള്ള ഒരുവേദിയൊരുക്കുക എന്നലക്ഷ്യം കൂടി മുന്നോട്ടുവച്ചുകൊണ്ട് കാര്‍ഷികപ്രദര്‍ശനവും കാര്‍ഷിക സെമിനാറുകളും ശില്‍പശാലകളും ബിസിനസ് മീറ്റും ഈ വേദിയില്‍ നടത്തപ്പെടുന്നു. ഇതിനോടനുബന്ധിച്ച് നടത്തുന്ന ‘അഗ്രിഹാക്കത്തോണും’ ‘DPR ക്ലിനിക്കും’ പുരോഗമിച്ചുവരുന്നു.

2023 ഫെബ്രുവരി 25ന് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വൈഗ 2023 ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷതവഹിക്കും. ഉദ്ഘാടനസമ്മേളനത്തില്‍ അരുണാചല്‍പ്രദേശ് കൃഷിമൃഗസംരക്ഷണവകുപ്പ് മന്ത്രിടഗേടകി, സിക്കിം കൃഷി മൃഗസംരക്ഷണവകുപ്പ് മന്ത്രി ലോക്‌നാഥ് ശര്‍മ്മ, ഹിമാചല്‍ പ്രദേശ് കൃഷി മൃഗസംരക്ഷണവകുപ്പ് മന്ത്രി ചന്ദേര്‍കുമാര്‍ തുടങ്ങിയ വിശിഷ്ടാതിഥികള്‍ പങ്കെടുക്കും. ”കേരള്‍ അഗ്രോ” ലോഗോ പ്രകാശനം ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. നബാര്‍ഡ്‌ചെയര്‍മാന്‍ കെ.വി ഷാജി, പത്മശ്രീ ചെറുവയല്‍രാമന്‍, പത്മശ്രീ ലക്ഷ്മി കുട്ടിയമ്മ എന്നിവരെ വേദിയില്‍ ആദരിക്കും. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊ. (ഡോ). വി.കെ രാമചന്ദ്രന്‍, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍.എസ്. ആര്യരാജേന്ദ്രന്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യവുമുണ്ടാകും.
എക്‌സിബിഷന്‍ സ്റ്റാളുകളുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷനാകുന്നയോഗത്തില്‍ വച്ച്‌സിക്കിം കൃഷി മൃഗസംരക്ഷണവകുപ്പ് മന്ത്രി ലോക്‌നാഥ് ശര്‍മ്മ നിര്‍വ്വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രണ്ട് വേദികളില്‍ വ്യത്യസ്തങ്ങളായ വിഷയങ്ങളെ കുറിച്ച് സെമിനാറുകളും ചര്‍ച്ചകളും നടക്കും. കൂടാതെ ഡി.പി.ആര്‍ ക്ലിനിക്കിലൂടെ തയ്യാറാക്കിയ ഡി.പി.ആറുകളുടെ വിതരണവും, കര്‍ഷകര്‍ക്ക് നേരിട്ട് വ്യാപാരകരാറില്‍ ഏര്‍പ്പെടാനുള്ള അവസരമായ ബിസിനസ്സ് മീറ്റും (B2B മീറ്റ്), കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം കണ്ടെത്തുന്നതിനുള്ള ‘വൈഗ അഗ്രിഹാക്ക് 2023’ ന്റെ വിജയികളുടെപ്രഖ്യാപനവും കലാസാംസ്‌കാരിക പരിപാടികളുംസംഘടിപ്പിക്കും.

ഡി.പി.ആര്‍ ക്ലിനിക്ക്

കാര്‍ഷികമേഖലയിലെ സംരംഭകത്വ പ്രോത്സാഹനത്തിനായി വൈഗ 2023 നോടനുബന്ധിച്ച് ഡി.പി.ആര്‍ ക്ലിനിക് പ്രത്യേകമായി വിഭാവനംചെയ്തു നടപ്പാക്കുകയാണ്. ഇത്തവണത്തെ വൈഗയുടെ ഏറ്റവും പ്രധാന ആകര്‍ഷണമാണ് ഡി.പി.ആര്‍ ക്ലിനിക്ക്. സംരംഭകര്‍ക്ക് വഴികാട്ടിയാകുക എന്ന ലക്ഷ്യത്തില്‍ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ഡി.പി.ആര്‍ ക്ലിനിക്ക് തിരുവനന്തപുരം സമേതിയില്‍ ഫെബ്രുവരി 15 മുതല്‍ 17 വരെയുള്ള തീയതികളില്‍ മൂന്ന്ദിവസമായിട്ടാണ് നടത്തപ്പെട്ടത്. വൈഗ ഡി.പി.ആര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനംഫെബ്രുവരി 15ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്തിരുവനന്തപുരം സമേതിയില്‍വച്ച്‌നിര്‍വഹിച്ചു. ഒരുസംരംഭത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഒരുഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് അഥവാഡി.പി.ആര്‍. ഇതില്‍ ആ സംരംഭത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഉള്‍ക്കൊള്ളുന്നു. ഘടകങ്ങള്‍ എന്നാല്‍, സംരംഭത്തിന് ആവശ്യമായ ഭൗതിക സാഹചര്യം അസംസ്‌കൃതവസ്തുക്കളുടെ ലഭ്യത, യന്ത്രസാമഗ്രികള്‍, സാങ്കേതികവിദ്യ, സാമ്പത്തികസ്രോതസ്സ്, സാമ്പത്തികവിശകലനം, ആ പ്രൊഡക്ഷന്‍ യൂണിറ്റിന്റെ കപ്പാസിറ്റി, തുടങ്ങി ആ സംരംഭത്തിന്റെ എല്ലാ മേഖലയും കോര്‍ത്തിണക്കിയാണ് ഒരുഡി.പി.ആര്‍ രൂപകല്‍പന ചെയ്യുന്നത്.
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത 118 അപേക്ഷകളില്‍ നിന്ന് ഇന്റര്‍വ്യൂ നടത്തി 71 സാധ്യതാ സംരംഭങ്ങള്‍ തിരഞ്ഞെടുക്കുകയും. ഇതില്‍ നിന്ന് 50 മാതൃകാ സംരംഭങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തുകഴിഞ്ഞു. ഇത്തരത്തില്‍ തിരഞ്ഞെടുത്ത 50 മാതൃകാ സംരംഭങ്ങളായിരിക്കും ഡി.പി.ആര്‍ ക്ലിനിക്കില്‍ ഉള്‍പെടുത്തുക. വിദഗ്ദ്ധരുടെ ഒരു പാനലിനു മുന്നില്‍ സംരംഭകരാകാന്‍ ആഗ്രഹിക്കുന്നയാള്‍തന്റെ സ്വപ്‌നങ്ങളും അതിനുവേണ്ടി താന്‍ ചെയ്തിട്ടുള്ള തയ്യാറെടുപ്പുകളും അവതരിപ്പിക്കുന്നു. പാനലില്‍ ശാസ്ത്രജ്ഞര്‍, സാമ്പത്തികവിദഗ്ദ്ധര്‍, സാങ്കേതികവിദഗ്ദ്ധര്‍, വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാ സ്ട്രക്ച്ചറല്‍ ഫണ്ട് പദ്ധതിയിലെ ഉദ്യോഗസ്ഥര്‍, സ്റ്റേറ്റ്‌ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍, നബാര്‍ഡിന്റെ സബ്‌സിഡിയറി ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ആയ നാബ്‌കോണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.
സംരംഭകന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് സഹായിക്കുന്നതും ബാങ്കുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്നതുമായ കുറ്റമറ്റ ഒരു ഡി.പി.ആര്‍ആണ് സംരംഭകന് ഡി.പി.ആര്‍ ക്ലിനിക്കിന്റെ ഇടപെടലോടെ ലഭിക്കുന്നത്. കൂടാതെവിവിധവകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ ക്ലിനിക്കിന്റെ ഭാഗമായി ഒരുകുടക്കീഴില്‍ സമന്വയിക്കുന്നതിനാല്‍ സംരംഭകന്റെപ്രോജക്ട് ഇതരവകുപ്പുകള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിന്റെ സംയോജന സാധ്യതകളും ക്ലിനിക്കില്‍ പരിഗണിക്കുന്നു.

ഡി.പി.ആര്‍ ക്ലിനിക്കിന്റെ ഭാഗമായി 50 സംരംഭകരുടെ സംരംഭങ്ങള്‍ക്കാണ് ഡി.പി.ആറുകള്‍ തയ്യാറാക്കി നല്‍കുന്നത്. സംരംഭകരില്‍നിന്ന് ശേഖരിക്കുന്ന ആശയങ്ങളെ വിദഗ്ദ്ധസമിതി വിശകലനം ചെയ്ത് ഡി.പി.ആര്‍ തയ്യാറാക്കുന്നതിനോടൊപ്പം സര്‍ക്കാര്‍ പദ്ധതികളെ സമന്വയിപ്പിക്കുന്നതിനും അത്പ്രകാരമുള്ള പരമാവധി ആനുകൂല്യങ്ങള്‍ സംരംഭങ്ങള്‍ക്ക് ലഭിക്കാനും ഡി.പി.ആര്‍ ക്ലിനിക്കിലൂടെസാധിക്കും. മാര്‍ച്ച് ഒന്നാം തീയതി ഡി.പി.ആറുകള്‍ക്ക് അന്തിമരൂപം നല്‍കുകയും തുടര്‍ന്ന് സംരംഭകര്‍ക്ക് ഡി.പി.ആറുകള്‍ കൈമാറുകയും ചെയ്യും.

ബിസിനസ്സ്മീറ്റ് (B 2 B മീറ്റ്)

കേരളത്തിന്റെ തനത് കാര്‍ഷികോല്‍പന്നങ്ങള്‍ എക്കാലത്തും ലോകത്തിന് പ്രിയമുള്ളതാണ്. സുഗന്ധവ്യഞ്ജനങ്ങളും ഫലവര്‍ഗങ്ങളും പച്ചക്കറിയുംകിഴങ്ങ് വര്‍ഗ്ഗങ്ങളും ധാന്യങ്ങളും ഔഷധസസ്യങ്ങളുമടക്കമുള്ള എല്ലാവിളകള്‍ക്കും പശ്ചിമഘട്ടത്തിന്റെ പരിഗണന ലഭിക്കുന്നുണ്ട്. വിപണിസാദ്ധ്യതധാരാളമുണ്ടായിട്ടും നമ്മുടെ കര്‍ഷകര്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ്‌കേരളത്തിലെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി വിപണിയില്‍ നേരിട്ട് എത്തിക്കുന്നതിനും അതിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് പൂര്‍ണമായും ലഭിക്കുന്നതിനും ബിസിനസ്സ് മീറ്റ് (ബി ടു ബി) വൈഗയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. വൈഗ വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടത്തിയ ഉല്‍പാദകരെയും സംരംഭകരേയും വ്യാപാരികളെയും വ്യവസായികളെയും ഉള്‍പ്പെടുത്തി ഫെബ്രുവരി 28 മുതല്‍ തിരുവനന്തപുരം മാസ്‌കോട്ട്‌ഹോട്ടലില്‍വച്ചാണ് ബിസിനസ്സ് മീറ്റ്‌നടത്തുക. ഏകദേശം 145 ഉല്‍പാദകരുടെ ഉല്‍പന്നങ്ങള്‍ ബിസിനസ്സ് മീറ്റിലൂടെ വിറ്റഴിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുകയാണ്. 60 ഓളം വിപണന മേഖലയിലുള്ള ഏജന്‍സികളാണ് ബിസിനസ്സ് മീറ്റില്‍ പങ്കെടുക്കുന്നത്. കേരളത്തിലെ ഏതൊരുസംരംഭകനും ഈ മീറ്റില്‍ പങ്കെടുത്ത് ഈ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തുന്നതിന് അവസരമൊരുക്കിയിട്ടുണ്ട്. ലളിതമായ നടപടിക്രമങ്ങളിലൂടെ കര്‍ഷകര്‍ക്ക് നേരിട്ട് വ്യാപാരകരാറില്‍ ഏര്‍പ്പെടാനുള്ളഅവസരമാണ് ഇതിലൂടെ ലഭിക്കുക.

വൈഗ അഗ്രിഹാക്ക് 2023

കാര്‍ഷികമേഖലയിലെ ഏറ്റവും വലിയ ഹാക്കത്തോണ്‍ ആയ വൈഗ അഗ്രിഹാക്ക് 2023 അന്താരാഷ്ട്രശില്‍പശാലയുടെഭാഗമായി പ്രത്യേകം സംഘടിപ്പിക്കുന്നു. വെള്ളായണി കാര്‍ഷികകോളേജില്‍വെച്ച് ഫെബ്രുവരി 25 മുതല്‍ 27 വരെ വൈഗ 2023ന്റെ ഭാഗമായി നടത്തുന്ന ഗ്രാന്‍ഡ് ഫിനാലെയിലേക്കുള്ള നോമിനേഷനുകളുടെ പരിശോധന നടന്നുവരികയാണ്. കാലാവസ്ഥ വ്യതിയാനം, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലസ്ഥിരതയില്ലായ്മ, കീടരോഗബാധകള്‍, ഉയര്‍ന്ന ഉല്‍പാദനചിലവ്, തൊഴിലാളികളുടെ ലഭ്യതക്കുറവ്, തുടങ്ങിയവയടക്കമുള്ള പ്രതിസന്ധികള്‍ കാര്‍ഷികമേഖല നേരിടുന്നുണ്ട്. നിലവിലുള്ള പരിഹാരമാര്‍ഗങ്ങള്‍ക്കപ്പുറമുള്ള സാദ്ധ്യതകള്‍ കണ്ടെത്തുന്നതിന് നടത്തുന്ന അഗ്രിഹാക്കത്തോണ്‍ വലിയ പ്രതീക്ഷ പുലര്‍ത്തുന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ഉന്നത വിദ്യാഭ്യാസമേഖലയിലെ വിദ്യാര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, കര്‍ഷകര്‍, പ്രൊഫഷണലുകള്‍, തുടങ്ങിയവര്‍ക്കാണ് ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ കഴിയുന്നത്.
കേരളത്തിന്റെ കാര്‍ഷിക മേഖല നേരിടുന്ന പ്രധാനപ്രശ്‌നനങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമുള്ള ശാസ്ത്രീയമായ പരിഹാരനിര്‍ദ്ദേശങ്ങളായിരിക്കും. അവതരിപ്പിക്കുക. പ്രശ്‌നപരിഹാരങ്ങള്‍ മത്സരാടിസ്ഥാനത്തിലാണ് ടീമുകള്‍ അവതരിപ്പിക്കുക. പ്രാഥമിക വിലയിരുത്തലിലൂടെ തെരഞ്ഞെടുക്കപ്പെട്ട 30 ടീമുകളാണ് ഹാക്കത്തോണിന്റെ ഗ്രാന്‍ഡ്ഫിനാലെയില്‍പങ്കെടുക്കുക. 36 മണിക്കൂര്‍ നീണ്ട പ്രശ്‌നപരിഹാരമത്സരമായ വൈഗ അഗ്രിഹാക്ക് 2023 ല്‍ സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ് വെയര്‍ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള മത്സരങ്ങള്‍ നടത്തുന്നു. ടീമുകള്‍ക്ക് വദഗ്ദ്ധ നിര്‍ദ്ദേശം നല്‍കുന്നതിനും, പ്രശ്‌നപരിഹാരത്തിലേക്ക് എത്തുന്നതിനുമുള്ള സഹായം നല്‍കുന്നതിനായി മെന്റര്‍മാരുടെ പാനല്‍ ഇതിന്റെ ഭാഗമായി സജ്ജീകരിക്കും. മത്സരാര്‍ത്ഥികള്‍, അവര്‍ നിര്‍ദ്ദേശിച്ച പ്രശ്‌നപരിഹാരം (സൊല്യൂഷനുകള്‍) പ്രായോഗികതലത്തിലേക്ക് എത്തിക്കാവുന്ന വിധം വികസിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യണം. വ്യത്യസ്തഘട്ടങ്ങളിലായി നടക്കുന്ന വിലയിരുത്തലില്‍ മികച്ച 10 ടീമുകളെ വീതം പവര്‍ ജഡ്ജ്‌മെന്റ് എന്ന അവസാന റൗണ്ടിലേക്ക് കണ്ടെത്തുന്നു. പവര്‍ ജഡ്ജ്‌മെന്റ് എന്നറിയപ്പെടുന്ന ഈ റൗണ്ടിലെ വിജയികളാകും മത്സരവിജയികള്‍. ഒരോവിഭാഗത്തില്‍നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്ന ടീമുകള്‍ക്ക് യഥാക്രമം 50,000, 25,000, 15,000 രൂപവീതവും, സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതാണ്. വിജയികളാകുന്ന ടീമുകളുടെ പ്രശ്‌നപരിഹാരങ്ങള്‍ പ്രായോഗികതലത്തില്‍ വികസിപ്പിക്കുന്നതിനും, അവ കാര്‍ഷികമേഖലക്ക് ഉപയുക്തമാകുന്ന തരത്തില്‍ വിനിയോഗിക്കുന്നതിനും ആവശ്യമായ തുടര്‍പ്രവര്‍ത്തനങ്ങളും കൃഷിവകുപ്പ്‌സ്വീകരിക്കുന്നതാണ്.

കാര്‍ഷിക സെമിനാറുകള്‍

വൈഗ 2023ല്‍ വിവിധ വിഷയങ്ങളില്‍ കാര്‍ഷിക സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. കാര്‍ഷിക ധനകാര്യവും സംരംഭകത്വവും, കാര്‍ഷികോല്‍പ്പന്നങ്ങളുടെകയറ്റുമതിയില്‍ അധിഷ്ഠിത ഉല്‍പാദനം, ട്രൈബല്‍ അഗ്രികള്‍ച്ചര്‍ ടെക്‌നോളജികള്‍, ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍, പാക്കേജിങ് ടെക്‌നോളജിയും ബ്രാന്‍ഡിംഗും, കാര്‍ഷിക ഉല്‍പ്പാദക സംഘടനകള്‍, കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി, കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ – യൂത്ത്, സംരംഭകത്വവികസനം സംബന്ധിച്ച വിഷയങ്ങള്‍, ചെറുധാന്യങ്ങളുടെ സാധ്യതകള്‍, പച്ചക്കറി – ഫലവര്‍ഗ്ഗങ്ങളുടെ വിളവെടുപ്പിനു ശേഷമുള്ള പരിപാലനവും മൂല്യവര്‍ധനവും തുടങ്ങി 18 വിഷയങ്ങളിലാണ്‌സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. പുത്തരിക്കണ്ടം മൈതാനിയില്‍ രണ്ട് വേദികളിലായി ഒരേസമയം സെമിനാറുകള്‍ നടത്തും.

കാര്‍ഷികപ്രദര്‍ശനം

കാര്‍ഷിക മേഖലയില്‍ ഉല്‍പ്പന്നങ്ങള്‍ എന്ന ആശയത്തിലുള്ള 250 ലധികം സ്റ്റാളുകള്‍ വൈഗയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് രണ്ട് വരെ പ്രദര്‍ശന നഗരി സന്ദര്‍ശിക്കുന്നതിനാണ് അവസരമൊരുക്കിയിട്ടുള്ളത്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സര്‍ക്കാരിതര സംരംഭകര്‍, കാര്‍ഷികോല്‍പാദനസംഘടനകള്‍, സഹകരണസ്ഥാപനങ്ങള്‍, പൊതുമേഖല തുടങ്ങിയവരുടെ കാര്‍ഷിക നേട്ടങ്ങള്‍ പ്രതിപാദിക്കുന്നകാര്‍ഷിക പ്രദര്‍ശനവും ഇതില്‍ ഉള്‍പ്പെടുന്നു. ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ആസാം, കര്‍ണാടക, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളുടെയും, കാര്‍ഷിക സര്‍വകലാശാല, നബാര്‍ഡ്, കേന്ദ്ര ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെയും കാര്‍ഷിക പ്രദര്‍ശനങ്ങളും ഇതില്‍ ഉള്‍പ്പെടും. പ്രദര്‍ശനനഗരിയോടനുബന്ധിച്ച് വിവിധ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണശാലയും വ്യത്യസ്തങ്ങളായ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *