തൃശ്ശൂര്‍: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ ഓഫിസുകളിലും വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. തൃശൂരിലെ ഹെഡ് ഓഫിസുകളില്‍ അടക്കമാണ് പരിശോധന നടന്നത്. ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ടായിരുന്നു ഇ.ഡി റെയ്ഡ്. ഷെയര്‍മാര്‍ക്കറ്റില്‍ നിന്ന് ഐ.പി.ഒ (Initial Public Offering) യില്‍നിന്ന് പിന്നാലെയായിരുന്നു റെയ്ഡ്. കൊച്ചിയില്‍ നിന്നുള്ള ഇ. ഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഹവാല ഇടപാടിനെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി ഇ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജോയ് ആലുക്കാസ് ഉള്‍പ്പെട്ട ഹവാല ഇടപാടിനെക്കുറിച്ച് സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പിടിച്ചെടുത്ത രേഖകളും ഉപകരണങ്ങളും പരിശോധിച്ചതിനു ശേഷമായിരിക്കും തുടര്‍ നടപടികളിലേക്കു കടക്കുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സെക്യുരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിലാണ് കമ്പനി ഐ.പി.ഒ പിന്‍വലിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അറിയിപ്പ് വന്നത്. ഐ.പി.ഒ പിന്‍വലിക്കാനുള്ള പ്രത്യേക കാരണങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിരുന്നില്ല. സാമ്പത്തിക മാന്ദ്യസാധ്യത പരിഗണിച്ച് ഐ.പി.ഒയില്‍ നിന്ന് പിന്‍വാങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് തള്ളിയിരുന്നു.
ഐ.പി.ഒയിലൂടെ ഏകദേശം 2300 കോടി രൂപ സമാഹരിക്കാനായിരുന്നു ആലുക്കാസിന്റെ പദ്ധതി. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ കമ്പനിയുടെ മൊത്തം മൂല്യം 4.8 ബില്യണ്‍ ഡോളറായി ഉയരുമെന്നായിരുന്നു വിലയിരുത്തല്‍. രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലര്‍മാരില്‍ ഒന്നായ ജോയ് ആലുക്കാസിന് 68 നഗരങ്ങളില്‍ ഷോറൂമുകള്‍ ഉണ്ട്. 11 രാജ്യങ്ങളിലായി 130 ജ്വല്ലറി ഷോറൂമുകളാണ് കമ്പനിക്ക് കീഴിലുള്ളത്. എന്നാല്‍, ഇ.ഡി റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാന്‍ ജോയ് ആലുക്കാസ് തയാറായിട്ടില്ല.
ഇ.ഡി ഉദ്യോഗസ്ഥര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് കമ്പനി തൃപ്തികരമായ മറുപടി നല്‍കിതായാണ് പുറത്തു വരുന്ന വിവരം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഫോര്‍ബ്സ് മാഗസിന്‍ പുറത്തുവിട്ട ഇന്ത്യയിലെ ജ്വല്ലറി ഉടമകളുടെ അതിസമ്പന്ന പട്ടികയില്‍ ഒന്നാമത് ജോയ് ആലുക്കാസ് എത്തിയിരുന്നു. 25,500 കോടി രൂപയാണ് ജോയ് ആലുക്കാസിന്റെ ആസ്തി.