തിരുവനന്തപുരം: പ്രീ പ്രൈമറി, പ്രൈമറി സ്‌കൂള്‍ ഘട്ടത്തില്‍ ഏകീകൃത പാഠ്യപദ്ധതി അത്യാവശ്യമാണെന്ന് മന്ത്രി വി. ശിവന്‍ കുട്ടി. കുട്ടികളുടെ മാനസികവും ശാരീരികവും വൈകാരികവുമായ വളര്‍ച്ച ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. ആധുനിക മനഃശാസ്ത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നതാകണം പാഠ്യപദ്ധതി. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന പ്രവണത ചിലപ്പോള്‍ കാണാറുണ്ട്. അതുകൊണ്ടാണ് ശാസ്ത്രീയ പാഠ്യപദ്ധതി പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നത്. പായിപ്ര ഗവ. യുപി സ്‌കൂളിന്റെ 77ാം വാര്‍ഷികം-ചിലമ്പിന്റെയും അന്താരാഷ്ട്ര മാതൃകാ പ്രീ സ്‌കൂളിന്റെയും പാര്‍ക്കിന്റെയും ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പാഠ്യപദ്ധതി പരിഷ്‌ക്കരണവേളയില്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും വിദ്യാ കിരണം പദ്ധതിയും സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി. സമഗ്ര ശിക്ഷാ കേരള വഴി എല്ലാ സ്‌കൂളുകളിലും മാതൃകാ പ്രീ പ്രൈമറി സ്‌കൂളുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.