കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ഗള്‍ഫിലേക്കും ഡല്‍ഹിയിലേക്കുമുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും അടിയന്തിരമായി സര്‍വീസുകള്‍ പുനഃസ്ഥാക്കണമെന്നും എം.കെ രാഘവന്‍ എം.പി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി ഡല്‍ഹിയില്‍ പോയി എയര്‍ ഇന്ത്യ മാനേജ്‌മെന്റുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ ഡെവലപ്‌മെന്റ് ഫോറം കോഴിക്കോട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറില്‍ നിന്നുള്ള സാധാരണക്കാരായ ബഹുഭൂരിപക്ഷം പ്രവാസികളും ഉപയോഗിക്കുന്ന വിമാനത്താവളമാണ് കോഴിക്കോട്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് സെക്ടറില്‍ നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത് യാതൊരു നിലക്കും നീതീകരിക്കാവുന്നതല്ലായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോക്ടര്‍ എം.കെ മുനീര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ക്ഷേമനിധിയിലെ അപാകതകള്‍ പരിഹരിക്കുന്നതിന് വേണ്ടി അടുത്ത നിയമസഭാ സമ്മേളനത്തില്‍ സബ്മിഷന്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എം.ഡി.എഫ് പ്രസിഡന്റ് എസ്.എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എം.ഡി.എഫ് ചെയര്‍മാന്‍ യു.എ നസീര്‍ വിഷയാവതരണം നടത്തി.
കരിപ്പൂരില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കുക, പ്രവാസി ക്ഷേമനിധിയിലെ അപാകതകള്‍ പരിഹരിക്കുക, തിരുനാവായ-ഗുരുവായൂര്‍ റെയില്‍വെ യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു കൊണ്ടാണ് എം.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. തുടര്‍ന്നു ഡല്‍ഹിയിലും തിരുവനന്തപുരത്തും ഈ ആവശ്യങ്ങള്‍ നടപ്പിലാക്കി കിട്ടാന്‍ വേണ്ടി കോഴിക്കോട്ടെ മറ്റു സംഘടനകളുമായി ഒത്തു ചേര്‍ന്ന് പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നു എം.ഡി.എഫ് നേതൃത്വം അറിയിച്ചു. ഗുലാം ഹുസൈന്‍ കൊളക്കാടന്‍, സന്നാഫ് പാലക്കണ്ടി, ഫ്രീഡാ പോള്‍, കരീം വളാഞ്ചേരി, നിസ്താര്‍ ചെറുവണ്ണൂര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ശ്രീകല, എന്‍.കെ റഷീദ് ഉമരി, അബ്ദുല്‍ അസീസ്, ഉമര്‍ തുറക്കല്‍, സുബൈര്‍ കോട്ടക്കല്‍, മൊയ്ദുപ്പ ഹാജി, വാസന്‍ കോട്ടക്കല്‍, ലുഖ്മാന്‍ അരീക്കോട്, ഇസ്മയില്‍ എടച്ചേരി( ഷാര്‍ജ ), എ.അബ്ദുറഹ്‌മാന്‍, എ.ബി ഫ്രാന്‍സിസ്, റസിയ വെള്ളയില്‍ പ്രസംഗിച്ചു. സഹദ് പുറക്കാട് സ്വാഗതവും അശ്‌റഫ് കളത്തിങ്ങള്‍പാറ നന്ദിയും പറഞ്ഞു.