പി.എന്‍.പി അരൂര്‍
കോഴിക്കോട്: കേരളത്തെ വരിഞ്ഞുമുറുക്കുന്ന കേന്ദ്രനയങ്ങള്ക്കെതിരേയുള്ള പ്രതിരോധ മുന്നേറ്റത്തിന് ഇന്ന് കാസര്‍കോട്ട് തുടക്കം. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ വൈകിട്ട് 4.30ന് മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനംചെയ്യും. വൈകീട്ട് അഞ്ചിന് കാസര്‍കോട് മണ്ഡലത്തില്‍ സ്വീകരണം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ ബിജു മാനേജരായ ജാഥയില്‍ കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്, ജെയ്ക് സി.തോമസ്, കെ.ടി ജലീല്‍ എം.എല്‍.എ എന്നിവര്‍ സ്ഥിരാംഗങ്ങളാണ്. കാസര്‍കോട് ജില്ലയില്‍ തിങ്കളും ചൊവ്വയുമായി അഞ്ചിടത്ത് പര്യടനമുണ്ട്. ഓരോ കേന്ദ്രത്തിലും പതിനായിരംപേര്‍ ജാഥയെ സ്വീകരിക്കാനെത്തും. ചുവപ്പു വളന്റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. കലാപരിപാടികളും അരങ്ങേറും. ചൊവ്വ രാവിലെ എട്ടിന് കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ജാഥാ ലീഡര്‍ എം.വി ഗോവിന്ദന് പ്രമുഖരുമായി സംവദിക്കും. സംഘടനാ നേതാക്കള്‍, വ്യവസായികള്‍, സംരംഭകര്‍, എഴുത്തുകാര്‍, കലാകാരന്മാര്, വിവിധ മേഖലയിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.