തീരദേശ ഹൈവേ – ഡി.പി.ആര്‍ പ്രസിദ്ധീകരിച്ച് വിശദവിവരങ്ങള്‍ ലഭ്യമാക്കണം: കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍

തീരദേശ ഹൈവേ – ഡി.പി.ആര്‍ പ്രസിദ്ധീകരിച്ച് വിശദവിവരങ്ങള്‍ ലഭ്യമാക്കണം: കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍

കൊച്ചി: തീരദേശ ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഡി.പി.ആര്‍ പുറത്തുവിടുന്നതിനു മുന്‍പ് തന്നെ കല്ലിടല്‍ പരിപാടികളുമായി മുന്നോട്ട് പോകുന്നത് ജനങ്ങളില്‍ ആശങ്കയുള്ളവക്കുന്നുവെന്ന് കെ.എല്‍.സി.എ സംസ്ഥാന സമിതി. വികസന പദ്ധതികള്‍ ജനങ്ങള്‍ സ്വീകരിക്കണമെങ്കില്‍ അതുമായി ബന്ധപ്പെട്ട നഷ്ടപരിഹാരങ്ങളുടെ വിശദവിവരങ്ങളെ സംബന്ധിച്ച് അവര്‍ക്ക് മുന്‍കൂട്ടി വിവരം നല്‍കണം. ദേശീയപാത സ്ഥലമെടുപ്പില്‍ നല്‍കിയ പാക്കേജിന് സമാനമായ രീതിയില്‍ ഭൂമിക്ക് നഷ്ടപരിഹാരവും തൊഴിലും തൊഴിലിടവും നഷ്ടമാകുന്നവര്‍ക്ക് പ്രത്യേക നഷ്ടപരിഹാരവും നല്‍കുന്ന രീതിയിലും, തീരദേശപാതയ്ക്ക് വേണ്ടി കുടിയിറക്കുന്നവര്‍ക്ക് പാക്കേജ് ഉറപ്പാക്കണം. ഏത് തരത്തിലുള്ള പാക്കേജാണ് ലഭ്യമാക്കുന്നത് എന്ന് ഉറപ്പാക്കാതെയുള്ള കല്ലിടല്‍ നടപടികളാണ് ആശങ്കകള്‍ ഉണ്ടാക്കുന്നത്. പദ്ധതിയുടെ മുഴുവന്‍ വിശദവിവരങ്ങളും പദ്ധതി സംബന്ധിച്ച് കുടിയിറക്കപെടുന്നവര്‍ക്ക് നല്‍കുന്ന പാക്കേജിന്റെ വിശദവിവരങ്ങളും അടിയന്തരമായി സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്നും പാക്കേജ് പ്രഖ്യപിച്ച ശേഷം മാത്രമേ കല്ലിടല്‍ നടപടികളുമായി മുന്നോട്ട് പോകാവൂ എന്നും കെ.എല്‍.സി.എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ബിഷപ്പുമാരും വൈദികരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കാമെന്ന ധാരണ ഇതുവരെയും നടപ്പിലാക്കിയിട്ടില്ലെന്നും കേസുകള്‍ പിന്‍വലിക്കാന്‍ പ്രോസിക്യൂഷന്‍ തയ്യാറാകണം എന്നും കെ.എല്‍.സി.എ ആവശ്യപ്പെട്ടു. മാര്‍ച്ച് 26ന് കൊച്ചിയില്‍ വച്ച് നടക്കുന്ന സുവര്‍ണ ജൂബിലി സമുദായ സമ്മേളനത്തില്‍ ഈ വിഷയങ്ങള്‍ ഉന്നയിക്കപ്പെടുമെന്നും കെ.എല്‍.സി.എ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.

സമുദായ സമ്മേളനത്തിനു മുന്നോടിയായി മാര്‍ച്ച് അഞ്ചിന് പതാക ദിനവും അവകാശ പത്രിക പ്രഖ്യാപന യോഗങ്ങളും മാര്‍ച്ച് പന്ത്രണ്ടിന് എല്ലാ ലത്തീന്‍ രൂപതകളിലും വാഹന പ്രചാരണ ജാഥകള്‍, പദയാത്രകള്‍ മുതലായവയും സംഘടിപ്പിക്കും. മാര്‍ച്ച് 24ന് ആലപ്പുഴയില്‍ നിന്ന് കൊച്ചിയിലേക്ക് ദീപശിഖ പ്രയാണവും മാര്‍ച്ച് 25ന് പ്രതിനിധി സമ്മേളനവും ഉണ്ടാകും. മാര്‍ച്ച് 26ന് എറണാകുളത്തുനിന്ന് സമ്മേളന നഗരിയിലേക്ക് പതാക പ്രയാണവും ഉണ്ടാകും. സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു. ആന്റണി നോറോണ ജൂബിലി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍, ടി.എ ഡാല്‍ഫിന്‍ ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, രതീഷ് ആന്റണി, ജസ്റ്റിന്‍ കരിപ്പാട്ട്, സാബു കനക്കാപ്പള്ളി, അനില്‍ ജോസ്, ജോസഫ്കുട്ടി കടവില്‍, മഞ്ജു ആര്‍.എല്‍. ജോണ്‍ ബാബു, പൂവം ബേബി, ഷൈജ ഇ.ആര്‍ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *