മാഹി: മാസാമാസം ഉപഭോക്താക്കള്‍ കൈപ്പറ്റുന്ന ഇലക്ട്രിസിറ്റി ബില്ലില്‍ അടിസ്ഥാന ചാര്‍ജുകള്‍ക്ക് പുറമേ പല അഡിഷണല്‍ ചാര്‍ജുകളും ഈടാക്കുന്നുണ്ടെന്നും എന്നാല്‍ ഇവ ഏതിനൊക്കെ വേണ്ടിയുള്ളതാണെന്ന് സാധാരണ ഉപഭോക്താക്കള്‍ക്ക് ബില്ല് നോക്കി വായിച്ച് മനസിലാക്കാനാവുന്നില്ലെന്നും ഉപഭോക്താക്കള്‍ക്ക് അറിയാനും മനസിലാക്കാനും കഴിയുംവിധം ഏതേത് മേഖലകളില്‍ ഏതുതരം ചാര്‍ജുകളാണ് ഈടാക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ബോര്‍ഡ് മാഹിയിലേയും പള്ളൂരിലെയും ഇലക്ട്രിസിറ്റി ഓഫിസുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്ന് പരാതിപ്പെട്ടു. പുതുച്ചേരി വൈദ്യുതി ഉപഭോക്തൃ പരാതി പരിഹാര സമിതിക്ക് മുന്നിലാണ് മാഹിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ മുനാസ് കണ്ടോത്ത് പരാതി ബോധിപ്പിച്ചത്. സാങ്കേതിക പദങ്ങള്‍ കഴിവതും വിശദമാക്കികൊണ്ട് സാധാരണ ഉപഭോക്താക്കള്‍ക്കും വായിച്ച് മനസിലാക്കാനാവുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും പരാതി പരിഹാര മൂന്നംഗ സമിതിക്ക് മുന്നില്‍ നിവേദനം നല്‍കി. പുതുച്ചേരി വൈദ്യുത വകുപ്പ് മാഹിയിലെ തെരുവുകളില്‍ പ്രദര്‍ശിപ്പിക്കാറുള്ള പല സോളാര്‍ പരസ്യ ബോഡുകകളും തമിഴില്‍ മാത്രമായിരിക്കുന്നതിന്റെ പ്രയാസവും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.