കോട്ടയ്ക്കല്‍: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ”ആയുര്‍വേദവും അര്‍ബുദ ഗവേഷണവും” എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ ശില്‍പശാല ഫെബ്രുവരി 20 മുതല്‍ 22 വരെ ആര്യവൈദ്യശാല ഔഷധസസ്യ ഗവേഷണകേന്ദ്രത്തില്‍ (സി.എം.പി.ആര്‍) വച്ച് നടക്കും. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയ്ക്ക് ലഭിച്ച സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രോജക്ടിന്റെ
ഭാഗമായിട്ടാണ് ത്രിദിന ശില്‍പശാല. ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം വാരിയരുടെ ആമുഖഭാഷണത്തോടെ ആരംഭിക്കുന്ന സെമിനാര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. കോട്ടയ്ക്കല്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റാ ഷബീര്‍ അധ്യക്ഷത വഹിക്കും. വൈദ്യരത്‌നം പി.എസ് വാരിയര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.വി ജയദേവന്‍, സി.എം.പി.ആര്‍ പ്രോജക്ട് ഡയരക്ടര്‍ ഡോ. ഇന്ദിരാബാലചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേരും.
യോഗത്തില്‍ ആര്യവൈദ്യശാല ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ.ജി.സി ഗോപാലപിള്ള സ്വാഗതവും ക്ലിനിക്കല്‍ റിസര്‍ച്ച് വിഭാഗം മേധാവി ഡോ.പി.ആര്‍ രമേഷ് നന്ദിയും പറയും. സെമിനാറില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ഡോ.വി. രാജ്‌മോഹന്‍ (അസോസിയേറ്റ് പ്രൊഫസര്‍, ഗവ. ആയുര്‍വേദ കോളേജ്, തിരുവനന്തപുരം), ഡോ.കെ.എം. മധു (ചീഫ് മെഡിക്കല്‍ ഓഫിസര്‍, ആര്യവൈദ്യശാല ചാരിറ്റബിള്‍ ആശുപത്രി), ഡോ. സി.ടി സുലൈമാന്‍ (സീനിയര്‍ സയന്റിസ്റ്റ്, സി.എം.പി.ആര്‍.), ഡോ. പി. രാംമനോഹര്‍ (റിസര്‍ച്ച് ഡയറക്ടര്‍, അമൃത സ്‌കൂള്‍ ഓഫ് ആയുര്‍വേദ, കൊല്ലം), ഡോ. നാരായണന്‍കുട്ടി വാരിയര്‍ (മെഡിക്കല്‍ ഡയരക്ടര്‍, എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍, കോഴിക്കോട്), ഡോ.കെ.വി രാധാകൃഷ്ണന്‍ (സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, സി.എസ്.ഐ.ആര്‍, തിരുവനന്തപുരം) എന്നീ പ്രമുഖരുടെ പ്രബന്ധാവതരണവും ആയുര്‍വേദമരുന്നുകളുടെ ഗുണനിലവാര നിര്‍ണയവുമായി ബന്ധപ്പെട്ട പരിശീലനവും നടക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട 30 പ്രതിനിധികളാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നത്.