കോഴിക്കോട് : ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിന്റെ ഭാഗമായി രൂപീകരിച്ച മിനിമം സ്റ്റാൻഡേർഡ് സബ്ബ് കമ്മറ്റിയുടെ കരട് നിയമത്തിലെ നിർദേശങ്ങൾ കേരളത്തിലെ ചെറുകിട ലാബുകളെ തകർക്കുന്നതാണെന്ന് കേരള പാരാമെഡിക്കൽ ലാബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ അസീസ് അരീക്കര പറഞ്ഞു. സംസ്ഥാനത്തെ 37000 വരുന്ന ചെറുകിട ലാബുകളും, അവിടങ്ങളിൽ ജോലിയെടുക്കുന്ന ഒന്നരലക്ഷത്തോളം ജീവനക്കാരും വഴിയാധാരമാകും. ലാബുകൡ ജോലിയെടുക്കുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ലാബ് നടത്തണമെങ്കിൽ മിനിമം അഞ്ഞൂറ് സ്‌ക്വയർഫീറ്റ് റൂം സൗകര്യം വേണമെന്നാണ് നിർദേശിക്കുന്നത്. 20,30 വർഷങ്ങളായി ലാബ് ടെക്‌നിഷ്യൻമാരായി ജോലിയെടുത്ത പരിചയസമ്പന്നരായവർ അറ്റൻഡർമാരായി മാറും. രക്തത്തിലെ ഷുഗർ പരിശോധിക്കാൻ 30രൂപ ചിലവ് വരുന്നിടത്ത് എം.ബി.ബി.എസ് ഡോക്ടർമാരുടെ കുറിപ്പടി വേണ്ടിവരും ഇതിന് അധിക ഫീസ് നൽകേണ്ടിവരും. വൻകിട ലാബുകളെ സഹായിക്കുന്ന നിർദേശങ്ങളാണ് കരടിലുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. വടകര മിനിസിവിൽ സ്റ്റേഷനു മുമ്പിൽ നടന്ന പ്രതിഷേധ സമരം അദ്ദേഹം ഉദ്ഘാടനം ചെയ്തു. റഷീദ് പേരാമ്പ്ര, ഷനിൽകുമാർ, ലിംസ് ജോർജ്, കേരള സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി വടകര മേഖല സെക്രട്ടറി ഹസീബ്, പ്രസംഗിച്ചു. കോഴിക്കോട് സിവിൽ സ്‌റ്റേഷനു മുമ്പിൽ നടന്ന സമരം കേരള വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. പി.മരയ്ക്കാർ വ്യപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി കേരള പാരാമെഡിക്കൽ ലാബോറട്ടറി ഓണേഴ്‌സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ.മനോജ്കുമാർ, ജമീല.ടി.പി, ജില്ലാ ട്രഷറർ സന്തോഷ് കാരുണ്യം, കെ.വി.എം ഫിറോസ്, പ്രസംഗിച്ചു. ഡി.എംഒ ഓഫീസിന് മുമ്പിൽ നടന്ന സമരം സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊടമന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ഫയാസ്, ജസ്‌ന, നജുനാസ്, ഷീബ പ്രസംഗിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമരപരിപാടി നടന്നത്.