ആര്‍മി അഗ്‌നിവീര്‍ ഓണ്‍ലൈന്‍ പൊതുപ്രവേശന പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ആര്‍മി അഗ്‌നിവീര്‍ ഓണ്‍ലൈന്‍ പൊതുപ്രവേശന പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കോഴിക്കോട്: ആര്‍മി റിക്രൂട്ടിംഗ് ഓഫീസ്-കോഴിക്കോട്, സോണല്‍ റിക്രൂട്ടിംഗ് ഓഫീസ്-ബാംഗ്ലൂര്‍ എന്നിവയ്ക്ക് കീഴില്‍ അഗ്നിവീര്‍ ആര്‍മി റിക്രൂട്ട്മെന്റിനുള്ള ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷയ്ക്ക് ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 15 വരെ രജിസ്റ്റര്‍ ചെയ്യാം.

2023-24 വര്‍ഷത്തെ ആര്‍മി റിക്രൂട്ടിംഗിന്റെ ഭാഗമായുള്ള അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റിന് രണ്ട് ഘട്ടങ്ങളുണ്ടാകും:-

ഒന്നാം ഘട്ടം- കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ (Online CEE)
രണ്ടാം ഘട്ടം – റിക്രൂട്ട്മെന്റ് റാലി

2023 ഏപ്രിലില്‍ നടക്കാനിരിക്കുന്ന അഗ്‌നിപഥ് ആര്‍മി റിക്രൂട്ട്മെന്റിനുള്ള ഓണ്‍ലൈന്‍ പൊതുപ്രവേശന പരീക്ഷയുടെ (Common Entrance Exam -CEE) രജിസ്ട്രേഷന്‍ ഫെബ്രുവരി 16 മുതല്‍ 2023 മാര്‍ച്ച് 15 വരെ നടക്കും. ചുരുക്കപ്പട്ടികയിലുള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള റിക്രൂട്ട്മെന്റ് റാലിയും തുടര്‍ന്ന് നടക്കും. വടക്കന്‍ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളിലേയും കേന്ദ്രഭരണ പ്രദേശങ്ങളായ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലേയും അവിവാഹിതരായ പുരുഷ-വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അതത് വിജ്ഞാപനങ്ങളില്‍ സൂചിപ്പിച്ചിരിക്കുന്ന മാനദണ്ഡപ്രകാരം അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

അവിവാഹിതരായ പുരുഷ ഉദ്യോഗാര്‍ത്ഥികളെ അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്സ്മാന്‍ പത്താം ക്ലാസ് പാസ്, അഗ്‌നിവീര്‍ ട്രേഡ്സ്മാന്‍ എട്ടാം ക്ലാസ് പാസ്, അഗ്‌നിവീര്‍ ക്ലര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍, ശിപായി ഫാര്‍മ, നഴ്‌സിംഗ് അസിസ്റ്റന്റ്/ നഴ്‌സിംഗ് അസിസ്റ്റന്റ് വെറ്ററിനറി വിഭാഗം എന്നിവയിലേക്കും അവിവാഹിതരായ വനിതാ ഉദ്യോഗാര്‍ത്ഥികളെ ഇന്ത്യന്‍ ആര്‍മിയിലെ വനിതാ മിലിട്ടറി പോലിസ് (WMP) വിഭാഗത്തിലേക്കും റിക്രൂട്ട് ചെയ്യും. ആര്‍മിയിലെ നിര്‍ദിഷ്ട വിഭാഗങ്ങളില്‍ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ആര്‍മി റിക്രൂട്ടിംഗ് ഓഫിസ് കോഴിക്കോടും സോണല്‍ റിക്രൂട്ടിംഗ് ഓഫിസ് ബാംഗ്ലൂരും പ്രസിദ്ധീകരിച്ച അറിയിപ്പുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

joinindianarmy.nic.in എന്ന വെബ്സൈറ്റ് മുഖേനയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. രജിസ്ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ വഴി അഡ്മിറ്റ് കാര്‍ഡുകള്‍ ലഭിക്കുന്നതാണ്. ഓരോ അപേക്ഷകനും ഓണ്‍ലൈന്‍ പരീക്ഷയ്ക്കുള്ള ഫീസായി 250 രൂപ വീതം അടയ്ക്കേണ്ടതാണ്

 

Share

Leave a Reply

Your email address will not be published. Required fields are marked *