കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് (എന്‍.ഐ.ടി.സി) 2023 ഫെബ്രുവരി 16ന് നടന്ന ഒരു ഓണ്‍ലൈന്‍ ഇവന്റില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സുമായി (ബി.ഐ.എസ്) ധാരണാപത്രം ഒപ്പുവച്ചു. സ്റ്റാന്‍ഡേര്‍ഡൈസേഷന്‍, അനുരൂപത വിലയിരുത്തല്‍ (കണ്‍ഫോര്‍മിറ്റി അസസ്‌മെന്റ്) എന്നീ മേഖലകളിലെ സഹകരണമാണ് ധാരണാ പത്രം വിഭാവനം ചെയ്യുന്നത്.
എന്‍.ഐ.ടി.സി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണയും ബി.ഐ.എസ് ഡയറക്ടര്‍ ജനറല്‍ പ്രമോദ് കുമാര്‍ തിവാരിയും (ഐ.എ.എസ്) ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. ഇരു വിഭാഗത്തിലെയും പ്രമുഖരും പങ്കെടുത്തു. ധാരണാ പത്രം 2023 ഫെബ്രുവരി 16 മുതല്‍ 10 വര്‍ഷത്തേക്ക് പ്രാബല്യത്തില്‍ വരും. ഇതോടൊപ്പം, ഐ.ഐ.ടി ഗുവാഹത്തി, ഐ.ഐ.ടി ഗാന്ധിനഗര്‍ എന്നിവയുമായി ബി.ഐ.എസ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ധാരണാ പത്രങ്ങളില്‍ ഒപ്പുവച്ചു.
സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് കണ്‍ഫോര്‍മിറ്റി അസസ്‌മെന്റ് മേഖലയില്‍ ഒരു ചെയര്‍ നിയമനം ധാരണാ പത്രം വിഭാവനം ചെയ്യുന്നു. ഇതിനായി ബ്യൂറോ സാമ്പത്തികസഹായം നല്‍കും. എന്‍.ഐ.ടി.സിയില്‍ ഒരു BIS സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ചെയര്‍ പ്രൊഫസര്‍ഷിപ്പ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തന ഫണ്ട് രൂപീകരിക്കുന്നതിന് എന്‍ഡോവ്‌മെന്റ് തുകയായി ബി.ഐ.എസ് എന്‍.ഐ.ടി.സിക്ക് ഒരു കോടി രൂപ നല്‍കും.
ധാരണാ പത്രം അനുസരിച്ച് മാനദണ്ഡങ്ങളുടെ വികസനം പുതിയ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡുകളുടെ ഡ്രാഫ്റ്റുകളിലേക്കുള്ള ഇന്‍പുട്ടുകള്‍, ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ പരിഷ്‌കരിക്കല്‍ എന്നിവയ്ക്കായി എന്‍.ഐ.ടി.സി ഗവേഷണ-വികസനശ്രമങ്ങളെ ഏകോപിപ്പിക്കും. കൂടാതെ, ബി.ഐ.എസും എന്‍.ഐ.ടി.സിയും സംയുക്തമായി സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, സിമ്പോസിയങ്ങള്‍, സ്റ്റാന്‍ഡേര്‍ഡൈസേഷന്‍, കണ്‍ഫര്‍മറ്റി അസസ്‌മെന്റ് എന്നീ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിക്കും.