കോഴിക്കോട്: ആര്‍.എം.പി.ഐ രണ്ടാം ദേശീയ സമ്മേളനം 23 മുതല്‍ 26 വരെ കോഴിക്കോട്ട് വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒന്നാം അഖിലേന്ത്യാ സമ്മേളനം 2017ല്‍ പഞ്ചാബില്‍ പൂര്‍ത്തീകരിച്ചതിന് ശേഷമാണ് കോഴിക്കോട് രണ്ടാം സമ്മേളനം ചേരുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 400 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 23ന് നളന്ദയില്‍ ഭഗത് സിങ് നഗറിലാണ് പ്രതിനിധി സമ്മേളനം. 22ന് ഉച്ചക്ക് രണ്ട് മണിക്ക് സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള ചെമ്പതാക ടി.പി ചന്ദ്രശേഖരന്റെ സ്മൃതികുടീരത്തില്‍ നിന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ടി.എല്‍ സന്തോഷിന്റെ നേതൃത്വത്തില്‍ നിരവധി അത്‌ലറ്റുകളുടേയും വാഹനങ്ങളുടേയും അകമ്പടിയോടെ മനോരമ ജംഗ്ഷനില്‍ കേന്ദ്രീകരിച്ച് മുതലക്കുളത്ത് എത്തിച്ചേരും.
സമ്മേളനത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 19ന് വൈകീട്ട് അഞ്ച് മണിക്ക് ‘ കോര്‍പറേറ്റ് ഹിന്ദുത്വത്തിനെതിരേ ജനകീയ ചെറുത്ത് നില്‍പ്പ്’ എന്ന വിഷയത്തെ ആസ്പദമാക്കി മുതലക്കുളത്ത് നടക്കുന്ന സെമിനാറില്‍ എം.കെ രാഘവന്‍ എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.വി ശ്രേയാംസ് കുമാര്‍ മുന്‍ എം.പി, പരംജോയ്ഗുഹ താക്കൂര്‍ത, സി.പി ജോണ്‍, കെ.എസ് ഹരിഹരന്‍, അഡ്വ.പി.കുമാരന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും. 26ന് വൈകീട്ട് നാല് മണിക്ക് സമ്മേളനത്തിന് സമാപനം കുറിച്ചുക്കൊണ്ട് റെഡ് വളണ്ടിയര്‍ പരേഡും റാലിയും മുതലക്കുളത്ത് പൊതുസമ്മേളനവും സംഘടിപ്പിക്കും. കൂടാതെ 22ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമരചരിത്രം പ്രതിപാദിക്കുന്ന എക്‌സിബിഷന്‍ മുതലക്കുളത്തും ടൗണ്‍ഹാളില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി 24ന് വൈകീട്ട ആറ് മണിക്ക് സാംസ്‌കാരിക സദസും ഗസല്‍ പരിപാടിയും ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ എന്‍.വേണു (സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍), അഡ്വ.പി.കുമാരന്‍കുട്ടി (ചെയര്‍മാന്‍, സ്വാഗതസംഘം), കെ.കെ രമ എം.എല്‍.എ, കെ.പി പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.