കോഴിക്കോട്: പൊതു വികാരം മാനിച്ചും എം.ഡി.സി, സി.ജി.ഡി.എ ഉള്‍പ്പെടെയുള്ള സംഘടനകളുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചും സംസ്ഥാനങ്ങള്‍ സമ്മതിച്ചാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരാമെന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനത്തെ ജി.എസ്.ടി മേഖല പരാതി പരിഹാര സമിതി, സംസ്ഥാന ജില്ല ാജി.എസ്.ടി ഫെസിലിറ്റേഷന്‍ സമിതി അംഗങ്ങളായ ഷെവ.സി.ഇ. ചാക്കുണ്ണി, അഡ്വ. എം.കെ അയ്യപ്പന്‍ എന്നിവര്‍ സ്വാഗതം ചെയ്തു.
2017 ജൂലൈ ഒന്നിന് ജി.എസ്.ടി നടപ്പാക്കുമ്പോള്‍ ഭാരതത്തില്‍ ഉടനീളം ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരേ സര്‍വീസ് ചാര്‍ജ് , ഒരേ വില, ഒരേ നികുതി എന്ന വാഗ്ദാനമാണ് നല്‍കിയത്. വൈകിയാണെങ്കിലും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്നത് മൂലം സമസ്ത മേഖലകള്‍ക്കും പ്രത്യേകിച്ച് ഉപഭോക്ത സംസ്ഥാനമായ കേരളത്തിന് കൂടുതല്‍ ആശ്വാസകരമാകും. ഇന്ധന നികുതിയുടേയും സെസ്സിന്റെയും പേരില്‍ കേരളത്തില്‍ നടക്കുന്ന സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും, സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിലയിലെ അന്തരത്തിനും അറുതി വരുത്തും. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായി 18ന് ഡല്‍ഹിയില്‍ ചേരുന്ന 49ാംം കേന്ദ്ര ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അനുകൂല നിലപാടെടുത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരാനുള്ള തീരുമാനമെടുക്കണമെന്ന് സംഘടന അധികൃതരോട് ആവശ്യപ്പെട്ടു.