നാദാപുരം: ഗ്രാമപഞ്ചായത്തില്‍ എട്ടാം വാര്‍ഡ് മലിനജല മുക്തമാക്കുന്നതിന് സോക്ക്പിറ്റ് നിര്‍മാണം ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സോക്ക്പിറ്റ് നിര്‍മാണം നടത്തുന്നത്. വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ വാര്‍ഡിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് സോക്ക്പിറ്റ് ഇല്ലാത്ത 112 കുടുംബങ്ങള്‍ക്കാണ് സോക്ക്പിറ്റ് നിര്‍മിച്ചു നല്‍കുന്നത്. ഒരു സോക്ക്പിറ്റിന് നികുതി ഉള്‍പ്പെടെ പതിനൊന്നായിരം രൂപയാണ് എസ്റ്റിമേറ്റ് നിരക്ക്, തൊഴിലുറപ്പ് പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതിയില്‍ തുക ലഭിക്കാന്‍ കാലതാമസം വരുന്നതിനാല്‍ കുടുംബശ്രീ എ.ഡി.എസ് വഴി ഓരോ കുടുംബത്തിനും 10000 രൂപ പലിശരഹിത ലോണ്‍ വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ ലഭ്യമാക്കുന്നുണ്ട്. കൂടാതെ സാധനസാമഗ്രികള്‍ യോജിച്ച രീതിയില്‍ വാങ്ങി തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത വിദഗ്ധ തൊഴിലാളികളെ ഉപയോഗിച്ചാണ് സോക്ക് പിറ്റ് നിര്‍മാണം നടത്തുക. പ്രവര്‍ത്തി പൂര്‍ത്തിയായാല്‍ ജില്ലയിലെ ആദ്യത്തെ മലിനജലമുക്ത വാര്‍ഡായി എട്ടാം വാര്‍ഡ് മാറും. സോക്പിറ്റ് നിര്‍മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി നിര്‍വഹിച്ചു.
എട്ടാം വാര്‍ഡ് മെമ്പര്‍ എ.കെ ബിജിത്ത് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ നാസര്‍ ആശംസ നേര്‍ന്നു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് പദ്ധതി വിശദീകരിച്ചു. തൊഴിലുറപ്പ് ഓവര്‍സിയര്‍ മുഹമ്മദ് എസ്റ്റിമേറ്റ് വിവരങ്ങള്‍ പങ്കുവെച്ചു. സി.ഭാസ്‌കരന്‍ മാസ്റ്റര്‍ സ്വാഗതവും വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സി.അശോകന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് കുടുംബശ്രീ പ്രവര്‍ത്തകരും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്ന് വിളംബര റാലി നടത്തി. റാലിക്ക് കുടുംബശ്രീ പ്രവര്‍ത്തകരായ സവിത, സീമ, ഷബിത, ടി.കെ സവിത എന്നിവര്‍ നേതൃത്വം നല്‍കി.