തൈക്കാട്ടുശ്ശേരി : ആയുർവേദത്തിലെ മൗലിക ഗവേഷണ തീസിസുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൈദ്യരത്‌നം ഗ്രുപ്പ് നടത്തിയ പ്രഥമ വിജ്ഞാൻരത്‌ന അഖിലേന്ത്യാ മത്സരത്തിൽ അമൃതാ സ്‌കൂൾ ഓഫ് ആയുർവേദയിലെ ഡോ.രേഷ്മ രാമകൃഷ്ണൻ വിജയിയായി. അമൃതാ സ്‌കൂൾ ഓഫ് ആയുർവേദയിലെ പഞ്ചകർമ്മ വിഭാഗം വകുപ്പ് മേധാവി ഡോ.പി.വി.അനന്തരാമനു കീഴിലാണ് ഗവേഷണം നടത്തിയത് മികച്ച പ്രബന്ധത്തിന് ഒരു ലക്ഷം രൂപയും ഗൈഡിന് ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരം നൽകി. ഓൺലൈനായി സംഘടിപ്പിച്ച അവസാനഘട്ടമത്സരത്തിൽ കേന്ദ്ര ആയുഷ് വകുപ്പ് അഡൈ്വസർ ഡോ.മനോജ് നേസരി മുഖ്യാതിഥിയായിരുന്നു. മത്സരത്തിന്റെ ആദ്യഘട്ടത്തിൽ 14 വിഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത 60 തീസിസുകളിൽ നിന്ന് മൂന്ന്പേരാണ് അവസാന ഘട്ടത്തിലേയ്ക്ക് യോഗ്യത നേടിയത്. ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റൂട്ട് ഒഫ് ആയുർവേദ, ദില്ലിയിലെ ഡോ.പുനം ഗുലാട്ടി, വൈദ്യരത്‌നം പി.എസ്.വാരിയർ ആയുർവേദ കോളേജ് കോട്ടയ്ക്കലിലെ ഡോ.അമൃത എം.എസ്. എന്നിവരാണ് അവസാനഘട്ടത്തിലെ മറ്റ് രണ്ട് മത്സരാർത്ഥികൾ. ഡോ.എം.ആർ.വാസുദേവൻ നമ്പൂതിരി, ഡോ.അഹല്യ, ശർമ്മ, ഡോ.പരമേശ്വരപ്പ ബ്യാട്ഗി എന്നിവരായിരുന്നു വിധികർത്താക്കൾ. ഡോ.ടി.ശ്രീകുമാർ മോഡറേറ്ററായ മത്സരത്തിൽ ഡോ.ഗോവിന്ദ ശർമ്മ, ഡോ.ഷീല കാറളം, ഡോ.പി.കെ.വി.ആനന്ദ്, ഡോ.സുഹാസ് ഷെട്ടി സബ്ജക്റ്റ് എക്‌സ്പർട്ടുകളായിരുന്നു. വൈദ്യരത്‌നം ഡയറക്ടർമാരായ അഷ്ടവൈദ്യൻ ഡോ. ഇ.ടി.നീലകണ്ഠൻ മുസ്സ് സ്വാഗതവും അഷ്ടവൈദ്യൻ ഡോ. ഇ.ടി.യദുനാരായണൻ മുസ്സ് നന്ദിയും രേഖപ്പെടുത്തി .വിജ്ഞാൻരത്‌ന ഓർഗ്ഗനൈസിംഗ് സെക്രട്ടറി ഡോ.ശ്രീലാൽ ആലത്തൂർ, കോ-ഓർഗ്ഗനൈസിംഗ് സെക്രട്ടറി ഡോ.ആഷി അഗസ്റ്റിൻ മത്സരത്തിന് നേതൃത്വം നല്കി.