നിര്‍മാണ രംഗത്തെ പ്രതിസന്ധികള്‍ സര്‍ക്കാര്‍ യുദ്ധകാല വേഗതയില്‍ പരിഹരിക്കണം: കെ.മുസ്തഫ

നിര്‍മാണ രംഗത്തെ പ്രതിസന്ധികള്‍ സര്‍ക്കാര്‍ യുദ്ധകാല വേഗതയില്‍ പരിഹരിക്കണം: കെ.മുസ്തഫ

റെന്‍സ്‌ഫെഡ് കോഴിക്കോട് ജില്ലാ പ്രസിഡന്റും പ്രമുഖ കോണ്‍ട്രാക്ടറും മാക്ബില്‍ഡേഴ്‌സ് മാനേജിങ് ഡയരക്ടറുമായ കെ.മുസ്തഫയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന്

 

സംസ്ഥാനത്ത് നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയാണ് അഭീമുഖീകരിക്കുന്നതെന്ന് റെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് കെ.മുസ്തഫ പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഡീസലിന് രണ്ട് ശതമാനം സെസ്സ് ഏര്‍പ്പെടുത്താനുള്ള തീരുമാനം നിലവിലുള്ള വിലയുടെ 15 ശതമാനം അധിക വിലക്കയറ്റത്തിനിടയാകും. സര്‍ക്കാര്‍ തീരുമാനം മൂലം ക്വാറി ഉല്‍പ്പന്നങ്ങള്‍ക്കും വിലവര്‍ധനയുണ്ടാകും. സിമന്റ്, കമ്പി, ക്വാറി ഉല്‍പ്പന്നങ്ങള്‍, എം.സാന്റ്, പി.സാന്റ്, സ്റ്റീല്‍, പി.വി.സി ഐറ്റംസ് എന്നിവക്ക് ഇനിയും വില വര്‍ധിച്ചാല്‍ നിര്‍മാണ മേഖലയില്‍ സ്തംഭനാവസ്ഥയുണ്ടാകും. സംസ്ഥാനത്ത് പ്രതിമാസം തോറും 11 ലക്ഷം ടണ്‍ സിമന്റാണ് ഉപയോഗിക്കുന്നത്. ഇതില്‍ 4600 ടണ്‍ മാത്രമാണ് പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ് ഉല്‍പ്പാദിപ്പിക്കുന്നത്. സിമന്റ് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര കര്‍മ പദ്ധതി ആവിഷ്‌കരിക്കണം. ഇപ്പോള്‍ സിമന്റ് കമ്പനികള്‍ അവര്‍ക്ക് തോന്നിയ പോലെ വില വര്‍ധിപ്പിക്കുകയാണ്. ഇ.പി ജയരാജന്‍ വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം ശക്തമായ ഇടപെടലാണ് വിലവര്‍ധനവ് ചെറുക്കാന്‍ നടത്തിയത്. ഇതിന്റെ ഫലമായി സിമന്റ് വില ഗണ്യമായി കുറഞ്ഞിരുന്നു. ഇപ്പോള്‍ പെട്ടെന്ന് വില കൂടാന്‍ കാരണം എ.സി.സി, അംബുജ സിമന്റ് കമ്പനികളെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതാണ്. അവര്‍ 350 രൂപയുള്ള ഒരു ബാഗ് സിമന്റിന് 100 രൂപയിലധികമാണ് വര്‍ധിപ്പിച്ചത്. മാത്രമല്ല സിമന്റ് നിര്‍മിക്കുന്നതിനാവശ്യമായ മെറ്റീരിയലുകളുടെ കുത്തകയും അദാനി ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. ഇപ്പോള്‍ ഷെയര്‍മാര്‍ക്കറ്റില്‍ അദാനിയുടെ ഓഹരികള്‍ക്കുണ്ടായ വിലയിടിവിന്റെ ഭാഗമായി സിമന്റിന്റെ വില കുറച്ചു കുറഞ്ഞിട്ടുണ്ട്. അതുക്കൊണ്ട് രാജ്യത്തെ സിമന്റ് വില നിര്‍ണയിക്കുന്നതില്‍ അവര്‍ക്ക് വലിയ സ്വാധീനമാണുള്ളത്. കേന്ദ്രസര്‍ക്കാര്‍ സിമന്റ്, സ്റ്റീല്‍ എന്നിവയുടെ വില നിയന്ത്രിക്കുന്നതില്‍ ശക്തമായി ഇടപ്പെടണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

രാജ്യത്തിന് തന്നെ മാതൃകയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടികള്‍. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അമ്മസിമന്റ് എന്ന പേരില്‍ സിമന്റ് വിപണിയിലെത്തിക്കുകയും 200-250 രൂപക്ക് ലഭ്യമാക്കുകയും ചെയ്തു. സ്റ്റാലിന്‍ മുഖ്യമന്ത്രിയായപ്പോള്‍ പുതുബ്രാന്റില്‍ വിലകുറച്ച് സിമന്റ് നല്‍കി. ഇതുവഴി സാധാരണക്കാര്‍ക്ക് വീടെന്ന സ്വപ്‌നം പൂവണിയാന്‍ സാധിച്ചിട്ടുണ്ട്. ഇത് നമ്മുടെ സംസ്ഥാന സര്‍ക്കാരും മാതൃകയാക്കണമെന്ന് മുസ്തഫ പറഞ്ഞു. നിര്‍മാണ മേഖല അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്‌നമാണ് സി.ആര്‍ സെസ് നിയമം. 2011 കാലത്തിറങ്ങിയ ഒരു ഓര്‍ഡറിലാണ് ഇവിടെ ഇപ്പോഴും കാര്യങ്ങള്‍ നടക്കുന്നത്. 2019ല്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡര്‍ പ്രകാരം നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് നിലവിലുള്ള ദൂരപരിധി 50 മീറ്ററാക്കി കുറിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ മാത്രം ഇത് നടപ്പിലായിട്ടില്ല. ഇതു സംബന്ധിച്ച ഡ്രോയിങ് ഇപ്പോഴും ഉദ്യോഗസ്ഥന്മാര്‍ക്ക് ലഭ്യമല്ലാത്തതിനാലും കൃത്യമായ മാപ്പ് ഇല്ലാത്തതിനാലുമാണ് ഇത് നടപ്പിലാക്കാതെ പോകുന്നത്. പെട്ടെന്നു തന്നെ ഇതിന് പരിഹാരമുണ്ടാക്കണം.

തണ്ണീര്‍ത്തടങ്ങളില്‍ 1300 സ്‌ക്വയര്‍ ഫീറ്റ് വരെ ഫീസടക്കാതെ പ്ലാന്‍ പാസാക്കാന്‍ നിയമമുണ്ട്. ആര്‍.ഡി.ഒക്ക് അപേക്ഷ നല്‍കിയാല്‍ 3000 സ്‌ക്വയര്‍ ഫാറ്റ് വരെ ഫീസടക്കാതെ പ്ലാന്‍ ലഭ്യമാകുന്നതാണ്. ഇതേ ഉത്തരവ് കോര്‍പറേഷന്‍ മുനിസിപ്പാലിറ്റി, പഞ്ചായത്തുകളില്‍ നടപ്പാക്കിയല്‍ സാധാരണക്കാര്‍ക്കടക്കം ഭവനനിര്‍മാണം എളുപ്പത്തിലാക്കുവാന്‍ സാധിക്കും. വീടുകളുടെ പ്ലാനുകള്‍ക്ക് അംഗീകാരം ലഭിക്കുന്നത് കാലതാമസം നേരിട്ടാണ്. ഇത് പരിഹരിക്കാനാണ് വണ്‍ഡേ പെര്‍മിറ്റ് സമ്പ്രദായം സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ ചില ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം നിയമം നടപ്പാക്കല്‍ ഇപ്പോഴും അനിശ്ചിതത്വത്തിലാവുകയാണ്. ഒരാഴ്ചയിലെ ഒരു ദിവസമാണ് ഇത്തരം അപേക്ഷകള്‍ പരിഗണിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. ആ ദിവസം ഇത്തരം അപേക്ഷകള്‍ മാത്രം പരിഗണിക്കാന്‍ സാധിച്ചാല്‍ ഈ നിയമവും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും. ബില്‍ഡിങ് പ്ലാനുകള്‍ക്ക് അനുമതി നല്‍കുന്നതിന് വ്യത്യസ്തമായ സോഫ്റ്റ്‌വെയറുകളാണ് ഇപ്പോഴുള്ളത്. കോഴിക്കോട് കോര്‍പറേഷനില്‍ സുവേഗയും തിരുവനന്തപുരം കോര്‍പറേഷനില്‍ ഇന്റലിജന്റ് ബില്‍ഡിങ് പെര്‍മിറ്റ് മാനേജ്‌മെന്റ് സിസ്റ്റ(ഐ.ബി.പി.എം.എച്ച്)വുമാണുള്ളത്. ഇക്കാര്യത്തില്‍ സംസ്ഥാനത്താകെ ഏകീകൃത സോഫ്റ്റ്‌വെയര്‍ നടപ്പാക്കിയാല്‍ നിലവിലുള്ള തടസങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കും. നിലവിലുള്ള സോഫ്റ്റ്‌വെയറുകളെ കുറിച്ച് ഉദ്യോഗസ്ഥന്മാര്‍ക്ക് പോലും വേണ്ടത്ര പരിജ്ഞാനം ഇല്ലാത്ത അവസ്ഥയുണ്ട്. സോഫ്റ്റ്‌വെയറടക്കമുള്ള പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ ഈ രംഗത്തുള്ള അംഗീകൃത സംഘടനകളുമായി ചര്‍ച്ച ചെയ്യാനും നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും അധികാരികള്‍ തയ്യാറാകണം. നിര്‍മാണ മേഖലയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ. കരാറുകാര്‍, തൊഴിലാളികള്‍, കച്ചവടക്കാര്‍, ടെക്‌നിക്കല്‍ വിദഗ്ധര്‍, ട്രാന്‍സ്‌പോര്‍ട്ടിങ് രംഗത്തുള്ളവര്‍ ഉള്‍പ്പെടെ ജനലക്ഷങ്ങള്‍ തൊഴിലെടുക്കുന്ന ഏറ്റവും വലിയ ചെയിന്‍ സിസ്റ്റമാണ് നിര്‍മാണ മേഖല.

അതുക്കൊണ്ട് തന്നെ ഈ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാര്‍ നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ തുല്യനീതിയുണ്ടാകണം. ഒന്നാം കൊവിഡിന്റെ കാലത്ത് നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തനം സര്‍ക്കാര്‍ നിര്‍ത്തിവയ്പ്പിച്ചതിനാലാണ് ഇതര സംസ്ഥാന തൊഴിലാളികളടക്കം ഇവിടെനിന്ന് പലായനം ചെയ്തത്. രണ്ടാം കൊവിഡിന്റെ കാലത്ത് സര്‍ക്കാര്‍ ഈ നിരോധനം പിന്‍വലിച്ചതിനാലാണ് സംസ്ഥാനം സാമ്പത്തികമായി പിടിച്ചുനിന്നത്. കൃഷി കുറയുകയും വ്യവസായങ്ങള്‍ കുറവുമുള്ള കേരളത്തിന് നിര്‍മാണ മേഖലയില്ലാതെ മുന്നോട്ട് പോകാനാകില്ല. സിമന്റ്, കമ്പി ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ വില കുറയ്ക്കാന്‍ വേണ്ടി ഇതിനകം നിരവധി പ്രക്ഷോഭങ്ങള്‍ റെന്‍സ്‌ഫെഡ് നടത്തിയിട്ടുണ്ട്. സിമന്റ് വില കുറയ്ക്കാന്‍ വേണ്ടി മാനാഞ്ചിറക്ക് ചുറ്റും പ്രതിഷേധ ശൃംഖല തീര്‍ക്കുകയുണ്ടായി. സെക്രട്ടേറിയറ്റിന് മുമ്പില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് സിമന്റ്‌സ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തുകയും വ്യവസായ മന്ത്രിയുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഇടപ്പെടുമെന്ന വാക്ക് പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. നാല് വര്‍ഷമായി രൂപീകൃതമായ റെന്‍സ്‌ഫെഡ് 10 ജില്ലകളില്‍ ശക്തമായ സാന്നിധ്യമാണ്. കോഴിക്കോട് ജില്ലയില്‍ ആയിരത്തോളം രജിസ്‌ട്രേഡ് എന്‍ജിനീയര്‍മാര്‍ സംഘടനയില്‍ അംഗങ്ങളാണ്.

ഡിസംബറിലാണ് ജില്ലാസമ്മേളനം നടന്നത്. സന്തോഷ്‌കുമാര്‍ സെക്രട്ടറിയും അഷ്‌റഫ് ട്രഷററും അടങ്ങിയ 51 അംഗ കമ്മിറ്റിയാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കോഴിക്കോട് നോര്‍ത്ത് താലൂക്ക്, സൗത്ത് താലൂക്ക്, അതോടൊപ്പം തന്നെ കൊയിലാണ്ടി താലൂക്ക്, വടകര താലൂക്ക്, റൂറല്‍ താലൂക്ക് എന്നീ കമ്മിറ്റിയും യൂണിറ്റ് കമ്മിറ്റികളും സംഘനക്കുണ്ട്. ശ്രീകാന്ത് കോട്ടയമാണ് സംസ്ഥാന പ്രസിഡന്റ്, സുമിത്ത് സെക്രട്ടറി, പ്രകാശന്‍ തിരുവനന്തപുരമാണ് ട്രഷറര്‍, നിര്‍മാണ മേഖലയുടെ നിലനില്‍പ്പ്, സംരക്ഷണം എന്നത് സംസ്ഥാനത്തിന്റെ ഭാവിയായി കരുതി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നദ്ദേഹം അഭ്യര്‍ഥിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *