ന്യൂഡല്‍ഹി: ബി.ബി.സിയിലെ ആദായ നികുതി റെയ്ഡില്‍ അപലപിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പേര് സര്‍വേ എന്നാണെങ്കിലും നടത്തുന്നത് റെയ്ഡ് ആണെന്നും രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും യെച്ചൂരി പറഞ്ഞു. ബി.ബി.സിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളില്‍ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ പരിശോധന 24 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. നികുതി നല്‍കാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് പരിശോധന തുടരുന്നത്.
വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കമ്പനികള്‍ക്ക് ബാധകമായ ചട്ടങ്ങള്‍ ബി.ബി.സി ലംഘിച്ചുവെന്നാണ് ആദായ നികുതി വ്യത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രേഖകള്‍ സമര്‍പ്പിക്കണമെന്ന് പല പ്രാവശ്യം ബി.ബി.സിയോട് ആവശ്യപ്പെട്ടെന്നും ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നുവെന്നും വകുപ്പ് വിശദീകരിക്കുന്നു. നികുതി ഇളവ് ലഭിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം കാണിച്ചിട്ടുണ്ടോ എന്നതും അന്വേഷണ പരിധിയിലാണെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. പരിശോധനയോട് സഹകരിക്കാന്‍ ജീവനക്കാരോട് ബി.ബി.സി നിര്‍ദേശം നല്‍കി.