കോഴിക്കോട്: തളി മഹാക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 16,17,18 തിയതികളില്‍ വിപുലമായി ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 16 മുതല്‍ 18 വരെ മേളത്തോടുകൂടിയുള്ള കാഴ്ച ശീവേലിയും, വിശേഷാല്‍ ഉച്ചപൂജ, അലങ്കാരത്തോടു കൂടിയുള്ള ദീപാരാധന, ചുറ്റു വിളക്ക് തെളിയിക്കല്‍, വിളക്കിന്നെഴുന്നള്ളിപ്പ് എന്നീ താന്ത്രിക ചടങ്ങുകള്‍ക്ക് ശേഷം പുറത്തെ സ്റ്റേജില്‍ വിവിധ ട്രൂപ്പുകളുടെ കൈക്കൊട്ടിക്കളി/ കോലാട്ടവും ഉണ്ടായിരിക്കും. 16ന് ദീപ നായര്‍ അവതരിപ്പിക്കുന്ന നൃത്താര്‍ച്ചന (വൈകീട്ട് ഏഴ് മണിക്ക്), ശില്‍പ ശശിധരന്‍ ആന്റ് ടീം അവതരിപ്പിക്കുന്ന ലാസ്യകേളി(വൈകീട്ട് ഏഴ് മണിക്ക്), മഞ്ജു ആന്റ് പാര്‍ട്ടി അവതരിപ്പിക്കുന്ന നൃത്തശില്‍പ്പവും (രാത്രി എട്ട് മണിക്ക്) അരങ്ങേറും. 19ന് ശിവരാത്രി ദിവസം 108 കൂടം ധാര (രാവിലെ 10 മണിക്ക്), പഞ്ചദ്രവ്യഭിഷേകം (രാത്രി എട്ട് മണിക്ക്) എന്നീ ചടങ്ങുകള്‍ക്ക് പുറമേ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി തിരഞ്ഞെടുത്ത പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്ക് സ്വീകരണവും നല്‍കും. തുടര്‍ന്ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, മട്ടന്നൂര്‍ ശ്രീകാന്ത് ആന്റ് മട്ടന്നൂര്‍ ശ്രീരാജ് എന്നിവരുടെ ട്രിപ്പിള്‍ തായമ്പകയും ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. ഗോവിന്ദ് ചന്ദ്രശേഖര്‍ (ട്രസ്റ്റ് പ്രതിനിധി, സാമൂതിരി രാജ), മനോജ് കുമാര്‍ പി.എം (ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍), ടി.എം ബാലകൃഷ്ണ ഏറാടി, പി.കെ പ്രദീപ്കുമാര്‍ രാജ (സ്റ്റാഫ് പ്രതിനിധി), പി.എം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.