ബി.ബി.സിയുടെ ഓഫിസുകളില്‍ ഇന്‍കംടാക്സ് റെയ്ഡ്; നികുതി വെട്ടിപ്പ് നടത്തിയെന്ന് പരാതി

ബി.ബി.സിയുടെ ഓഫിസുകളില്‍ ഇന്‍കംടാക്സ് റെയ്ഡ്; നികുതി വെട്ടിപ്പ് നടത്തിയെന്ന് പരാതി

  • ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: ബി.ബി.സിയുടെ ഓഫിസുകളില്‍ ഇന്‍കംടാക്സ് റെയ്ഡ്. മുംബൈയിലെയും ഡല്‍ഹിയിലെയും ഓഫിസുകളിലാണ് റെയ്ഡ്. ഇന്നു രാവിലെ 11.45നാണ് പ്രത്യേക സംഘം ഇരു ഓഫിസുകളിലും എത്തിയത്. നികുതി വെട്ടിപ്പ് നടത്തിയെന്നുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഐ.ടി ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ഓഫിസുകളിലെയും ജീവനക്കാരുടെ ഫോണുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഡല്‍ഹിയില്‍ എട്ട് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ബിസിനസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും ബി.ബി.സിയുടെ ഇന്ത്യന്‍ ഭാഷാ ചാനലുകളുടെ വരുമാനരേഖകളും പരിശോധിക്കുന്നു. ഇന്ന് രാവിലെ 10.30 ന് 12 ഉദ്യോഗസ്ഥര്‍ മൂന്ന് കാറുകളിലായി ബി.ബി.സിയുടെ മുംബൈ ഓഫിസില്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററി ബി.ബി.സി പുറത്തിറക്കി ആഴ്ചകള്‍ക്ക് ശേഷമാണ് ഇന്‍കംടാക്സ് പരിശോധന നടത്തുന്നുവെന്നതും ്രശദ്ധേയമാണ്. നേരത്തെ, ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബി.ബി.സിയുടെ വിവാദ ഡോക്യുമെന്ററിയുടെ എല്ലാ ലിങ്കുകളും സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

മുംബൈയില്‍ ബി.ബി.സി സ്റ്റുഡിയോ ഓഫിസിലാണ് റെയ്ഡ് നടക്കുന്നത്. ബി.ബി.സി ന്യൂസിന് മുംബൈയില്‍ മറ്റൊരു ഓഫിസ് ഉണ്ട്. ഇവിടെ റെയ്ഡ് നടക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. ജീവനക്കാരുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ബാക്കപ്പ് എടുത്ത് വ്യക്തികള്‍ക്ക് തിരികെ കൈമാറുമെന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി. അക്കൗണ്ട്, ധനകാര്യ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ ലാപ്പ്‌ടോപ്പുകള്‍, കംപ്യൂട്ടറുകള്‍ എന്നിവ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *